
ഇന്ത്യന്‍ പ്രാഥമിക ഓഹരി വിപണിയില്‍ വീണ്ടും തിരക്കേറുന്നതിന്റെ ഭാഗമായി, വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള 6 പ്രധാന കമ്പനികള്‍ ഈയാഴ്ച ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള തീയതികളില്‍ തങ്ങളുടെ പ്രാരംഭ പൊതുഓഹരി വില്‍പ്പനയുമായി നിക്ഷേപകരുടെ മുന്നിലെത്തുന്നുണ്ട്. ബി.എസ്.ഇ, എന്‍.എസ്.ഇ എന്നീ പ്രധാന എക്‌സ്‌ചേഞ്ചുകളിലാണ് ഇവയുടെ ലിസ്റ്റിംഗ് നടക്കുന്നത്. ഈ ആറ് പബ്ലിക് ഇഷ്യൂകളിലൂടെ മൊത്തം 10,000 കോടി രൂപയിലധികം സമാഹരിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള തീയതികളിലും, വിപണിയിലെ ലിസ്റ്റിംഗ് ഒക്ടോബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലും നടക്കും.
ഈയാഴ്ച ഐ.പി.ഒയുമായി എത്തുന്ന കമ്പനികളുടെ വിവരങ്ങള്‍ താഴെ പറയുന്നവയാണ്:
അഗ്‌നിശമന ഉപകരണങ്ങളുടെ നിര്‍മ്മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന എച്ച്.ഡി ഫയര്‍ പ്രൊട്ടക്ട് ലിമിറ്റഡ് പൂര്‍ണ്ണമായും ഒ.എഫ്.എസ് മുഖേന 712 കോടി രൂപയാണ് സമാഹരിക്കുന്നത്. ഇതിന്റെ ഇഷ്യൂ കാലാവധി ഒക്ടോബര്‍ 13 മുതല്‍ 15 വരെയും ലിസ്റ്റിംഗ് ഒക്ടോബര്‍ 21നും ആണ്. പ്രൈസ് ബാന്‍ഡ് 258-271 രൂപയും ലോട്ട് സൈസ് 55 ഓഹരികളുമാണ്.
ആഗോള കസ്റ്റമര്‍ എക്‌സ്പീരിയന്‍സ്, എ.ഐ ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങള്‍ നല്‍കുന്ന ഫ്യൂഷന്‍ സി.എക്‌സ് ലിമിറ്റഡ് പുതിയ ഓഹരികളും ഒ.എഫ്.എസും ഉള്‍പ്പെടെ 702 കോടി രൂപയാണ് സമാഹരിക്കുന്നത്. ഒക്ടോബര്‍ 14 മുതല്‍ 16 വരെയാണ് സബ്‌സ്‌ക്രിപ്ഷന്‍, ലിസ്റ്റിംഗ് ഒക്ടോബര്‍ 22ന് നടക്കും. പ്രൈസ് ബാന്‍ഡ് 275-289 രൂപയും ലോട്ട് സൈസ് 51 ഓഹരികളുമാണ്.
തെര്‍മല്‍ ഇമേജിംഗ്, ഡിഫന്‍സ് ഇലക്ട്രോഒപ്റ്റിക്‌സ് സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന ടോണ്‍ബോ ഇമേജിംഗ് ഇന്ത്യ ലിമിറ്റഡ് പൂര്‍ണ്ണമായും ഒ.എഫ്.എസ് വഴി 852 കോടി രൂപ സമാഹരിക്കുന്നു. ഒക്ടോബര്‍ 15 മുതല്‍ 19 വരെയാണ് ഇഷ്യൂ കാലാവധി, ലിസ്റ്റിംഗ് ഒക്ടോബര്‍ 23ന്. പ്രൈസ് ബാന്‍ഡ് 665-700 രൂപയും ലോട്ട് സൈസ് 21 ഓഹരികളുമാണ്.
സാങ്കേതികവിദ്യാധിഷ്ഠിത മാനുഫാക്ചറിംഗ് മാര്‍ക്കറ്റ്‌പ്ലേസ് ആയ സെറ്റ്‌വെര്‍ക്ക് മാനുഫാക്ചറിംഗ് ബിസിനസ് ലിമിറ്റഡ് ഈ ആഴ്ചയിലെ ഏറ്റവും വലിയ ഇഷ്യൂവിലൂടെ പുതിയ ഓഹരികളും ഒ.എഫ്.എസും ഉള്‍പ്പെടെ 5,012 കോടി രൂപയാണ് സമാഹരിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ 19 വരെ സബ്‌സ്‌ക്രിപ്ഷനും ഒക്ടോബര്‍ 23ന് ലിസ്റ്റിംഗും നടക്കും. പ്രൈസ് ബാന്‍ഡ് 143-151 രൂപയും ലോട്ട് സൈസ് 99 ഓഹരികളുമാണ്.
ഗിയര്‍ മോട്ടോറുകള്‍, ഗിയര്‍ബോക്‌സുകള്‍, ഇന്‍ഡസ്ട്രിയല്‍ െ്രെഡവുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ബോണ്‍ഫിഗ്ലിയോളി ട്രാന്‍സ്മിഷന്‍സ് ലിമിറ്റഡ് പൂര്‍ണ്ണമായും ഒ.എഫ്.എസ് വഴി 2,534 കോടി രൂപ സമാഹരിക്കുന്നു. ഒക്ടോബര്‍ 15 മുതല്‍ 19 വരെയാണ് ഇഷ്യൂ കാലാവധി, ലിസ്റ്റിംഗ് ഒക്ടോബര്‍ 23ന് നടക്കും. പ്രൈസ് ബാന്‍ഡ് 558-586 രൂപയും ലോട്ട് സൈസ് 25 ഓഹരികളുമാണ്.
കൊറോണറി സ്‌റ്റെന്റുകള്‍ ഉള്‍പ്പെടെയുള്ള ഹൃദ്രോഗ ചികിത്സാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സഹജാനന്ദ് മെഡിക്കല്‍ ടെക്‌നോളജീസ് ലിമിറ്റഡ് പൂര്‍ണ്ണമായും ഒ.എഫ്.എസ് മുഖേന 475 കോടി രൂപയാണ് സമാഹരിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ 19 വരെയാണ് സബ്‌സ്‌ക്രിപ്ഷന്‍, ലിസ്റ്റിംഗ് ഒക്ടോബര്‍ 23ന്. പ്രൈസ് ബാന്‍ഡ് 327-344 രൂപയും ലോട്ട് സൈസ് 43 ഓഹരികളുമാണ്.
ഈ ലിസ്റ്റിലെ 6 കമ്പനികളില്‍ നാലെണ്ണം പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴിയാണ് ഓഹരികള്‍ വിറ്റഴിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിനാല്‍ ആ ഇഷ്യൂകളില്‍ നിന്നുള്ള തുക കമ്പനിയുടെ വികസനത്തിനല്ല, മറിച്ച് നിലവിലെ പ്രൊമോട്ടര്‍മാര്‍ക്കും നിക്ഷേപകര്‍ക്കുമാണ് ലഭിക്കുക. മെയിന്‍ ബോര്‍ഡ് വിഭാഗത്തിന് പുറമേ ചില എസ്.എം.ഇ ഐ.പി.ഒകളും ഈയാഴ്ച വിപണിയിലുണ്ട്.