
അളക ഖാനം
ലണ്ടന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ നല്‍കിയെന്ന ആരോപണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം. വിഷയത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഫേസ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ്‌ഫോമില്‍ എന്തു സംഭവിക്കുന്നതിനു ഞാന്‍ ഉത്തരവാദിയാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ പരിശോധനക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകള്‍ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്‍) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍നിന്നു കൈവശപ്പെടുത്തിയത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങള്‍ ഉപയോഗിക്കുകയായിരുന്നു.അലക്‌സാണ്ടര്‍ കോഗന്‍ എന്ന റഷ്യന്‍ വംശജനായ അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ് ഒരു ആപ് ഫേസ്ബുക്കിലൂടെ നല്കാന്‍ അനുമതി തേടിയത്. ആപ് വാങ്ങുന്നവരുടെ സ്വകാര്യവിവരങ്ങള്‍ അയാള്‍ മുന്നറിയിപ്പു നല്കി നേടിയെടുത്തു. എന്നാല്‍, ഇതിനു ലഭിച്ച സാങ്കേതികസൗകര്യം ഉപയോഗിച്ച് മറ്റാള്‍ക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച് എസ്സിഎലിനും അനലിറ്റിക്ക്ക്കും നല്‍കുകയായിരുന്നു.