ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ സിനിമയുമായി യുവസംഘം

ലോകത്ത് ഏറ്റവും ചെലവ് കുറഞ്ഞ സിനിമയുമായി യുവസംഘം

ഗായത്രി
ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ സിനിമ നിര്‍മിച്ച് യുവ സംഘം ശ്രദ്ധേയമാവുന്നു. യുവ സംവിധായകന്‍ ബിലഹരിയും കൂട്ടുകാരുമാണ് ഇതിനകം തന്നെ സിനിമാ ലോകത്ത് ശ്രദ്ധേയരായത്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് പ്രാധാന്യം കൂടിയ ഇന്നത്തെ കാലത്ത് ലക്ഷങ്ങള്‍ അതിന് വേണ്ടി മുടക്കുമ്പോഴാണ് 25,000 രൂപക്ക് ഒരു മലയാള സിനിമ ജന്മം കൊണ്ടത്. ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ സോയ ആദ്യമായി നായികയാകുന്ന ചിത്രമാണിത്. പോരാട്ടം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. ഒന്നര മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. ഒരു ഗ്രാമത്തിനുള്ളില്‍ 15 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ദിവസവും വൈകിട്ട് ആറര വരെയായിരുന്നു ചിത്രീകരണം. സംവിധായകനായ ബിലഹരിയുടെ വീടും അയല്‍വാസികളുടെയും, ബന്ധുക്കളുടെയും വീടുകളായിരുന്നു ലൊക്കേഷന്‍. അഭിനേതാക്കളും ഇവര്‍ തന്നെ.

സംവിധായകന്റെ തന്നെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമായരുന്നു സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നല്‍കിയത്. എല്ലവരും ഉച്ചക്ക് ഒന്ന് മയങ്ങിയും ഏറെ ആസ്വദിച്ചായിരുന്നു ചിത്രീകരണം. കൃത്യമായ ആസൂത്രണം സിനിമക്ക് പിന്നിലുണ്ടായിരുന്നെങ്കിലും വ്യക്തമായ തിരക്കഥ ഇല്ലായിരുന്നു. പലപ്പോഴും ഷോട്ടിന് മുമ്പായിരുന്നു സീനുകള്‍ തയാറാക്കിയിരുന്നത്. തിരക്കഥയില്ലാതെ ലൊക്കേഷനിലെ കഥാപാത്രങ്ങളില്‍ നിന്ന് കഥയുടെ തുടര്‍ച്ച പൂരിപ്പിക്കുന്ന രീതിയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അവലംബിച്ചത്. ടെക്‌നിക്കല്‍ ക്രൂവിലുണ്ടായിരുന്ന ആരും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായിരുന്നു ചിത്രത്തിന് വേണ്ടി സഹകരിച്ചതെന്നതും ഇതിന് പിന്നിലെ വിജയമാണ്.
പ്ലാന്‍ ബി ഇന്‌ഫോടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സാങ്കേതിക വദഗ്ധരും വര്‍ഷങ്ങളായീ സിനിമ മേഖലയില്‍ കഴിവുതെളിയിച്ചവരാണ്. 5ഡിയും മാര്‍വിക് ഡിജി പ്രൊ ഹെലിക്യാമുമാണ് സിനിമ ചിത്രീകരണത്തിനുപയോഗിച്ചത്. മുജീബ് മജീദാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്ര സംയോജനം. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനും നിര്‍വഹിച്ചിരിക്കുന്നു. ശ്യാം നാരായണനാണ് സബ്‌ടൈറ്റില്‍സ്.
സജിന്‍ ചെറുകായില്‍, വിനീത് ചാക്യാര്‍, ശാലിന്‍ സോയ, നവജിത് നാരായണ്‍, പ്രമോദ് വെളിയനാട്, ഷിബിന്‍ ബാലന്‍, ആര്യന്‍ മേനോന്‍, ഗോപു കേശവ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച ചിത്രമായിരിക്കുമിതെന്ന് സംവിധായകന്‍ ബിലഹരി പറഞ്ഞു. തന്നെ പോലുള്ള ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിന് വേണ്ടി ഒരു നിര്‍മ്മാതാവും തയാറായി വരില്ലെന്നറിഞ്ഞുകൊണ്ടാണ് കുറഞ്ഞ ബജറ്റില്‍ ഒരു ചിത്രമെന്ന തീരുമാനമെടുത്തത്. സ്വന്തം പ്രയത്‌നം കൊണ്ടും സമ്പാദ്യം കൊണ്ടും സിനിമാ പ്രവേശനം എന്നതാണ് തന്റെ ലക്ഷ്യമെന്നും സിനിമയില്‍ തനിക്ക് ഗുരുക്കന്‍മാരില്ലെന്നും ബിലഹരി ന്യൂസ്‌ടൈംനെറ്റ്‌വര്‍ക്കിനോട് പറഞ്ഞു.
കലാപാരമ്പര്യത്തില്‍ നിന്നുള്ള കുടുംബത്തില്‍ നിന്നാണ് സംവിധായകന്‍ ബിലഹരിയുടെ വരവ്. അംഗമാലിക്കടുത്തുള്ള എളവൂരിലെ സംഗീത കുടുംബത്തിലാണ് ജനനം. അച്ഛന്‍ സംഗീത അധ്യാപകന്‍ ഉണ്ണിരാജ്, അമ്മ രമാദേവി, ബിഎ വിദ്യാര്‍ത്ഥിനിയായ ശ്രീരഞ്ജിനിയാണ് സഹേദരി. കോളേജില്‍ പഠിക്കുമ്പോള്‍ ക്യാമ്പസ് ഫിലിം ഷൂട്ട് ചെയ്താണ് തുടക്കം. പിന്നീട് കണ്ണാടികഥയില്‍ പ്രവര്‍ത്തിച്ചു. അതിനു ശേഷം സുഹൃത്തുക്കളുടെ കൂടെ ഒരു പരസ്യ നിര്‍മ്മാണ സ്ഥാപനം തുടങ്ങി ഏതാനും പരസ്യചിത്രങ്ങളും നിര്‍മിച്ചു.
ഏതായാലും പുതുമകള്‍ ഏറെയുള്ള പോരാട്ടം ഉദ്വേഗത്തോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close