വനിതാ സംരംഭകര്‍ക്കായി പ്രത്യേക വായ്പാ പദ്ധതികള്‍

വനിതാ സംരംഭകര്‍ക്കായി പ്രത്യേക വായ്പാ പദ്ധതികള്‍

 

വനിതാ സംരംഭകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ചില വായ്പാ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പൊതുവായ വായ്പാ പദ്ധതികളെ അപേക്ഷിച്ച് ഇവയ്ക്ക് പലിശ നിരക്ക്, മാര്‍ജിന്‍ മണി, പ്രോസസിംഗ് ഫീ, വസ്തു ജാമ്യം എന്നിവയിലൊക്കെ പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും ബാങ്കുകള്‍ നല്‍കുന്നതിന് പുറമേ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിനാവശ്യമായ ചില സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. വ്യക്തിഗതമായോ അല്ലെങ്കില്‍ വനിതകള്‍ കൂട്ടായി നടത്തുന്ന സംരംഭങ്ങള്‍ക്കോ വായ്പ ലഭിക്കും. വനിതാ സംരംഭകര്‍ക്കായി പ്രത്യേക വായ്പാ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള ഏതാനും ബാങ്കുകളുടെ പദ്ധതി വിശദാംശങ്ങള്‍ ഇതാ.

സ്ത്രീ ശക്തി പാക്കേജ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പദ്ധതിയാണിത്. സംരംഭത്തിനാവശ്യമായ മാര്‍ജിന്‍ മണി നിക്ഷേപത്തില്‍ അഞ്ച് ശതമാനം കുറവ് ലഭിക്കും. കൂടാതെ വായ്പ തുക രണ്ട് ലക്ഷം രൂപയില്‍ അധികമാണെങ്കില്‍ പലിശ നിരക്കില്‍ 0.5 ശതമാനം ഇളവും ലഭിക്കുന്നതാണ്. സൂക്ഷ്മ സംരംഭങ്ങളാണെങ്കില്‍ അഞ്ച ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ജാമ്യം ആവശ്യമില്ല. പരമാവധി വായ്പ തുക ഒരു കോടിയാണ്.
റീറ്റെയ്ല്‍ ട്രേഡ്, വ്യവസായം എന്നിവക്കും പ്രൊഫഷണലുകള്‍, സ്വയംതൊഴില്‍ കണ്ടെത്തിയവര്‍ എന്നിവര്‍ക്കും വായ്പ ലഭിക്കും. ടേം ലോണ്‍, പ്രവര്‍ത്തന മൂലധനം എന്നീ ആവശ്യങ്ങള്‍ക്കും വായ്പ നേടാം. സംരംഭം നടത്തുന്നവര്‍ സംസ്ഥാനതല ഏജന്‍സികള്‍ നടത്തുന്ന എന്‍ട്രപ്രന്യൂറിയല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ (ഇ.ഡി.പി) പങ്കെടുക്കേണ്ടതുണ്ട്. റീറ്റെയ്ല്‍ ട്രേഡിനും മറ്റുള്ള ബിസിനസ് സംരംഭങ്ങള്‍ക്കും 50,000 രൂപ മുതല്‍ രണ്ട് ലക്ഷം വരെയും ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കും വനിതാ പ്രൊഫഷണലുകള്‍ക്കും 50,000 മുതല്‍ 25 ലക്ഷം വരെയും വായ്പ ലഭിക്കും. ഫ്‌ളോട്ടിംഗ് നിരക്കിലാണ് പലിശ കണക്കാക്കുക. 10 ലക്ഷം വരെയുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഇഏഠങടഋ കവറേജ് ലഭ്യമായതിനാല്‍ വസ്തു ജാമ്യം ആവശ്യമില്ല. ബാങ്കിന്റെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

സെന്റ് കല്യാണി
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയിട്ടുള്ള പദ്ധതിയാണിത്. സ്ത്രീകള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനും നിലവിലുള്ള യൂണിറ്റുകളെ വികസിപ്പിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ളതാണ് ഈ പദ്ധതി. വനിതാ പ്രൊഫഷണലുകള്‍ക്കും ഇതിലൂടെ വായ്പ നേടാം. ഉല്‍പ്പാദന രംഗത്തോ സേവന മേഖലയിലോ സംരംഭങ്ങള്‍ തുടങ്ങാനാകും. പരമാവധി വായ്പ ഒരു കോടി രൂപയാണ്. മാര്‍ജിന്‍ മണിയായ 20 ശതമാനം സംരംഭകര്‍ കണ്ടെത്തണം. പലിശ ആനുകൂല്യത്തിന് പുറമേ പ്രോസസിംഗ് ഫീ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുമുണ്ട്.

സിന്റ് മഹിളാ ശക്തി
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പദ്ധതിയാണിത്. പുതിയ സംരംഭകര്‍ക്കും നിലവിലുള്ള വനിതാ യൂണിറ്റുകള്‍ക്കും വായ്പ ലഭിക്കും. ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും ഇതിലൂടെ വായ്പ നേടാം. പരമാവധി വായ്പ അഞ്ച് കോടി വരെ. മാര്‍ജിന്‍ മണി 15 ശതമാനം. പ്രോസസിംഗ് ഫീ ഒഴിവാക്കിയിട്ടുണ്ട്. സൗജന്യ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാണ്.

മഹിളാ വികാസ് യോജന
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ പദ്ധതിയാണിത്. വനിതാ സംരംഭങ്ങള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെ വസ്തു ജാമ്യമില്ലാതെ വായ്പ ലഭിക്കും. ചെറുകിട വ്യവസായ യൂണിറ്റാണെങ്കില്‍ 25 ലക്ഷം രൂപ വരെയും വസ്തു ജാമ്യമില്ലാതെ വായ്പ ലഭിക്കും. ഉയര്‍ന്ന വായ്പാ പരിധി ഇല്ല.

റീറ്റെയ്ല്‍ സ്‌കീം
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ മറ്റൊരു പദ്ധതിയാണിത്. സ്ത്രീ സംരംഭകര്‍ക്ക് ബ്യൂട്ടി പാര്‍ലര്‍, ടെയ്‌ലറിംഗ് യൂണിറ്റ്, ബൊട്ടീക് തുടങ്ങിയവ ആരംഭിക്കാം. ടേം ലോണും പ്രവര്‍ത്തന മൂലധനവും ലഭിക്കും. 25000 രൂപ വരെ മാര്‍ജിന്‍ മണി ആവശ്യമില്ല. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ വരെ 15 ശതമാനവും 10 ലക്ഷം വരെ 25 ശതമാനവും മാര്‍ജിന്‍ മണി വേണം. രണ്ട് ലക്ഷം വരെ വസ്തു ജാമ്യം വേണ്ട. അതിന് മുകളില്‍ ജാമ്യം ആവശ്യമാണ്. മോറട്ടോറിയം ആറ് മാസം. വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ.

വനിത
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പദ്ധതിയാണിത്. വരുമാനദായകമായ ഏതൊരു പ്രവര്‍ത്തിക്കും ഇതിലൂടെ സ്ത്രീകള്‍ക്ക് വായ്പ നേടാം. ഉല്‍പാദന സേവന മേഖലയിലെ സൂക്ഷമ സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. പരമാവധി വായ്പ 25000 രൂപയാണ്. മാര്‍ജിന്‍ മണി ആവശ്യമില്ല.

മഹിളാ ഉദ്യം നിധി സ്‌കീം
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മറ്റൊരു പദ്ധതിയാണിത്. പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും നില
വിലുള്ളവ ആധുനികവല്‍ക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമൊക്കെ ഇതിലൂടെ വായ്പ ലഭിക്കും. ബിസിനസ് വൈവിധ്യവല്‍ക്കരണത്തിനും ഈ പദ്ധതിയിലൂടെ വായ്പ ലഭിക്കുമെന്നതാണ് പ്രത്യേകത. കൂടാതെ വനിതകളുടെ ചെറുകിട വ്യവസായ യൂണിറ്റുകളുടെ പുനരുജ്ജീവനത്തിനും ഈ പദ്ധതിയിലൂടെ വായ്പ നേടാം.

കല്യാണി കാര്‍ഡ് സ്‌കീം
സ്ത്രീകളുടെ കാര്‍ഷിക കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ വിദ്യാസമ്പന്നരും അല്ലാത്തവരുമായ സ്ത്രീകള്‍ക്ക് ഇതിലൂടെ വായ്പ ലഭിക്കും. കൃഷിക്കും ലീസ് ഫാമിംഗിനും വായ്പ നേടാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close