ഇന്ത്യന്‍ ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്ക്

ഇന്ത്യന്‍ ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്ക്

അളകാ ഖാനം-
അബുദാബി: ഇന്ത്യയില്‍ നിന്നെത്തിക്കുന്ന ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനു യുഎഇ വിലക്കേര്‍പ്പെടുത്തി. നാലു മാസത്തേയ്ക്കാണു പുനര്‍ കയറ്റുമതിക്കു വിലക്കേര്‍പ്പെടുത്തിയതെന്നു യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിനു മാത്രമായി നീക്കിവയ്ക്കുകയും ചെയ്യും.
യുഎഇയിലേക്കു കൊണ്ടുവരുന്ന ഒരു ഗോതമ്പും വിദേശത്ത് പുനര്‍വില്‍പന നടത്തില്ല എന്നാണു തീരുമാനം.
എല്ലാ ഗോതമ്പ് ഇനങ്ങള്‍ക്കും (സ്‌പെല്‍റ്റ്), ഹാര്‍ഡ്, സാധാരണ, മൃദുവായ ഗോതമ്പ്, ഗോതമ്പ് മാവ് (സ്‌പെല്‍റ്റ് മാവ്) എന്നിവയ്ക്കും തീരുമാനം ബാധകമാണ്. ആഗോള ഗോതമ്പിന്റെയും ധാന്യത്തിന്റെയും ദൗര്‍ലഭ്യത്തിന്റെയും ലോകത്തെങ്ങുമുള്ള ഭക്ഷ്യ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തിലാണു തീരുമാനം.
യുഎഇയും ഇന്ത്യയും തമ്മിലുള്ള സമീപകാല വ്യാപാര കരാറില്‍ ആഭ്യന്തര ഉപഭോഗത്തിനായി യുഎഇയിലേയ്ക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ഉള്‍പ്പെടുന്നുവെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട് ചെയ്തു.
ഇന്ത്യന്‍ താപതരംഗത്തിനു പുറമേ, യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധവും ഗോതമ്പ്, ധാന്യങ്ങള്‍, വളം എന്നിവയുടെ ആഗോള ദൗര്‍ലഭ്യത്തിനു കാരണമായി. യുക്രെയ്‌നിലെ കരിങ്കടല്‍ തുറമുഖങ്ങളില്‍ റഷ്യന്‍ ഉപരോധവും റഷ്യക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ലോകത്തിന്റെ ‘ബ്രെഡ്ബാസ്‌ക്കറ്റ്’ എന്നറിയപ്പെടുന്ന രണ്ടു രാജ്യങ്ങളിലെയും ഭക്ഷ്യ ഉല്‍പാദനം ഫെബ്രുവരി മുതല്‍ ഗണ്യമായി കുറഞ്ഞതിന് കാരണമായി.

Post Your Comments Here ( Click here for malayalam )
Press Esc to close