അതിജീവനത്തിന്റെ കഥ പറഞ്ഞ് വൈറസ്

അതിജീവനത്തിന്റെ കഥ പറഞ്ഞ് വൈറസ്

ഫിദ-
നിപ വീണ്ടും ചര്‍ച്ചാവിഷയമായ നാളുകളില്‍, കേരളം നിപയെ അതിജീവിച്ചതിന്റെ കഥയുമായി വൈറസ് തീയ്യറ്ററുകളിലെത്തി. ഒ.പി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിമാകല്ലിങ്കല്‍ അവതരിപ്പിക്കുന്ന ചിത്രം ആഷിഖ് അബു ആണ് സംവിധാനം ചെയ്തത്. രോഗത്തെ കുറിച്ചറിയാനും അതിനെതിരേ പോരാടാനുമുള്ള ഒരു സമൂഹത്തിന്റെ മനസും ഒരുമയും അഭ്രപാളിയില്‍ ആവിഷ്‌കരിച്ച ചിത്രം താരസമ്പന്നമാണ്. വിവരസമ്പന്നവും.
കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടതും പിന്നെ കോഴിക്കോട് മലപ്പുറം ജില്ലകളിലേക്ക് പടര്‍ന്നതും അതുണ്ടാക്കിയ ഭീതിയുടെ നാളുകളും റീവൈന്‍ഡ് ചെയ്‌തെടുക്കുന്ന ഒരനുഭവവുമാണ് ഈ സിനിമ സമ്മാനിക്കുന്നത്. ആരോഗ്യരംഗത്തെയും പൊതുജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഒരു മഹാമാരിയെ പിടിച്ചുകെട്ടുന്ന ഹീറോയിസമാണ് ചിത്രത്തിലെ ഇതിവൃത്തം
ആരോഗ്യരംഗത്തെ രക്തസാക്ഷിയായ സിസ്റ്റര്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് രോഗീപരിചരണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ഇറങ്ങിയ ഡോക്ടര്‍മാര്‍ ആശുപത്രി ജീവനക്കാര്‍, അങ്ങിനെ തികച്ചും സ്വാഭാവികമായ കഥാപാത്രങ്ങളാണ് കടന്നുവരുന്നത്. സിനിമക്ക് വേണ്ടി ചില കഥാപാത്രങ്ങളെ മാത്രമാണ് സൃഷ്ടിച്ചത്. തികച്ചും സ്വാഭാവികമായ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തിന് അവലംബിച്ചിരിക്കുന്നത്. ക്യാമറയും പശ്ചാത്തലസംഗീതവും സൃഷ്ടിക്കുന്ന അന്തരീക്ഷവും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സുധീഷ്, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, റഹ്മാന്‍, പാര്‍വതി, രേവതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ്. രാജീവ് രവിയും ഷൈജു ഖാലിദുമാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം ആണ്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

Post Your Comments Here ( Click here for malayalam )
Press Esc to close