ചരിത്രത്തിലിടം തേടിയ ‘വിപ്ലവം’

ചരിത്രത്തിലിടം തേടിയ ‘വിപ്ലവം’

ഫിദ
തൃശൂര്‍: മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരധ്യായം കൂടി. ഒരു മണിക്കൂര്‍ 50 മിനൂട്ട് ദൈര്‍ഘ്യമുള്ള മലയാള ചിത്രം രണ്ടു മണിക്കൂര്‍ നീണ്ട ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കി എന്നതാണ് റെക്കോര്‍ഡ് നേട്ടത്തിന് ഹേതുവായത്. നവാഗതനായ നിഷാദ് ഹസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമായാണ് ചരിത്രത്തിലും തുടര്‍ന്ന് റക്കോര്‍ഡ് ബുക്കിലും സ്ഥാനം നേടിയത്.
ടീം വട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. ഞായറാഴ്ച പകല്‍ മൂന്നിന്് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്നും മേയര്‍ അജിത ജയരാജന്റെ സാന്നിധ്യത്തില്‍ സംവിധായകന്‍ ടോം ഇമ്മട്ടി സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് തുടങ്ങിയ ചിത്രീകരണം ജയ്ഹിന്ദ് മാര്‍ക്കറ്റ്, അരിയങ്ങാടി, അയ്യന്തോള്‍ ലെയ്ന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കൃത്യം അഞ്ചിന്് മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സമാപിച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുള്‍പ്പെടെ ആയിരത്തോളം പേര്‍ ഭാഗമായ ഈ ചിത്രത്തില്‍ അറുപതോളം കേന്ദ്ര കഥാപാത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.
നാല് പാട്ടും രണ്ട് ഫൈറ്റ് സീനും രണ്ട് ഫഌഷ്ബാക്ക് സീനും ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ ചിത്രീകരണം തത്സമയം വീക്ഷിക്കാന്‍ ലോകറെക്കോര്‍ഡുമായി ബന്ധപ്പെട്ട അധികാരികളെത്തി. പൈപ്പിന് ചോട്ടിലെ പ്രണയത്തിനു ഛായാഗ്രഹണം നിര്‍വഹിച്ച പവി കെ പവന്‍ ആണ് ഈ ചിത്രത്തിലെയും ഛയാഗ്രാഹകന്‍. ചങ്ക്‌സ് പ്രോമോസോങ്ങിലൂടെ ഗാനരചനയില്‍ തുടക്കമിട്ട ദിനുമോഹന്റെ വരികള്‍ക്ക് നവാഗതരായ വിനായകും മനുവും ചേര്‍ന്നാണ് സംഗീതം നിര്‍വഹിച്ചത്. ജിനീഷ്‌കെ ജോയ്, മുഷ്താക്ക് മുഹമ്മദ്,സനില്‍ കെ ബാബു,അരുണ്‍ ശിവദാസ് എന്നിവരാണ് സഹസംവിധായകര്‍.
നാലുതവണ റിഹേഴ്‌സല്‍ നടത്തി പോരായ്മകള്‍ പരിഹരിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജിതേഷ് ജിത്തു കലാസംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ പരസ്യകല നിര്‍വഹിക്കുന്നത് അധിന്‍ ഒല്ലൂര്‍ ആണ്. ഈ ചിത്രത്തിന്റെ സംഘട്ടനവും നൃത്തസംവിധാനവും നിഷാദ് ഹസന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതിനകം തന്നെ യുആര്‍എഫ് ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയ ചിത്രം ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ്. 2018ല്‍ സിനിമ പ്രദര്‍ശനത്തിനെത്തും. ഒരു മാസത്തിനുള്ളില്‍ ഇതിന്റെ തമിഴ് റിമേക്ക് നടത്താനും ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ക്ക് പരിപാടിയുണ്ട്.
ചിയ്യാരം സ്വദേശിയായ സംവിധായകന്‍ നിഷാദ് ഹസന്‍ ഇതിനുമുമ്പേ ‘വട്ടം’ എന്ന ലോകത്തിലെ ആദ്യ ഫേസ്ബുക്ക് ലൈവ് ഷോര്‍ട്ട് ഫിലിമിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.100 രൂപയായിരുന്ന ഈ ലൈവ് ചിത്രത്തിന്റെ ബജറ്റ്.

Post Your Comments Here ( Click here for malayalam )
Press Esc to close