വിജയ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു

വിജയ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു

ഗായത്രി-
കൊച്ചി: ഓഹരിയുടമകള്‍ക്ക് ലാഭിവിഹിതം പ്രഖ്യാപിച്ച ഏക പൊതുമേഖലാ ബാങ്കെന്ന നേട്ടം വിജയാ ബാങ്കിന് സ്വന്തം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിജയാ ബാങ്കും ഇന്ത്യന്‍ ബാങ്കുമാണ് ലാഭം രേഖപ്പെടുത്തിയ പൊതുമേഖലാ ബാങ്കുകള്‍. കിട്ടാക്കടക്കുതിപ്പ് മൂലം ഒട്ടുമിക്ക പൊതുമേഖലാ ബാങ്കുകള്‍ക്കും ലാഭം കിട്ടാക്കനിയായി മാറിയപ്പോഴാണ് ലാഭവും ലാഭവിഹിതവും പ്രഖ്യാപിച്ച് വിജയാ ബാങ്ക് അഭിമാനനേട്ടം കുറിച്ചത്.
കഴിഞ്ഞവര്‍ഷം 727 കോടി രൂപയുടെ ലാഭം നേടിയ വിജയാ ബാങ്ക്, ഓഹരിയൊന്നിന് 1.20 രൂപവീതമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണത്തോടെയുള്ള സേവനങ്ങളും ഉപഭോക്താക്കള്‍ അര്‍പ്പിച്ച മികച്ച വിശ്വാസവുമാണ് ഈ നേട്ടം കുറിക്കാന്‍ സഹായകമായതെന്ന് ബാങ്ക് വ്യക്തമാക്കി. മികച്ച പ്രവര്‍ത്തനത്തിന് നാഷണല്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് അവാര്‍ഡ്‌സിലെ ആറ് പുരസ്‌കാരങ്ങളും ബാങ്കിന് ലഭിച്ചിരുന്നു. പൊതുമേഖലയിലെ മികച്ച ബാങ്ക്, മികച്ച ഇന്റര്‍നെറ്റ് ബാങ്കിംഗ് സര്‍വീസ് പ്രൊവൈഡര്‍, മികച്ച സുരക്ഷാ സജ്ജീകരണം, മികച്ച ഉപഭോക്തൃ സൗഹൃദബാങ്ക്, സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ മികച്ച പ്രവര്‍ത്തനം, സാങ്കേതിക മികവ് എന്നീ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close