വാഹന, ഭവന വായ്പകള്‍ക്കുള്ള തിരിച്ചടവ് ഭാരമാകും

വാഹന, ഭവന വായ്പകള്‍ക്കുള്ള തിരിച്ചടവ് ഭാരമാകും

ഗായത്രി
കോഴിക്കോട്: രണ്ടുവര്‍ഷമായി കുറഞ്ഞുകൊണ്ടിരുന്ന വായ്പ പലിശ നിരക്കുകള്‍ കൂടാന്‍ തുടങ്ങിയതോടെ വാഹന, ഭവന വായ്പകള്‍ക്കുള്ള തിരിച്ചടവ് ഭാരമാകും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ ഇതിനകം വര്‍ധിപ്പിച്ചത്. മറ്റുബാങ്കുകളും വൈകാതെ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് സൂചന.
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നിലവില്‍വന്ന 2016 ഏപ്രിലിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ നിരക്കുകള്‍ ഉയരുന്നത്. ഭാവിയിലും നിരക്കുകള്‍ വര്‍ധിക്കാന്‍തന്നെയാണ് സാധ്യതയെന്നാണ് ഇത് നല്‍കുന്ന സൂചന.
പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിക്കുന്നതിനാല്‍ അടുത്തകാലത്തൊന്നും ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. ഭാവിയില്‍ നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല.
എംസിഎല്‍ആര്‍ പ്രകാരമുള്ള ഒരുവര്‍ഷത്തെ പലിശയില്‍ എസ്ബിഐ 20 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. ഇതോടെ വായ്പ നിരക്ക് 7.95ശതമാനത്തില്‍നിന്ന് 8.15ശതമാനമായി.
വ്യക്തിഗത, ഭവന വായ്പകള്‍, ഓട്ടോ ലോണ്‍ തുടങ്ങിയവയ്‌ക്കെല്ലാം മിക്കവാറും ബാങ്കുകള്‍ എംസിഎല്‍ആര്‍ പ്രകാരമാണ് ഇപ്പോള്‍ പലിശ നിശ്ചയിക്കുന്നത്.
പണ ലഭ്യത കുറഞ്ഞതിനാല്‍ നിക്ഷേപ പലിശയിലും ബാങ്കുകള്‍ വര്‍ധനവരുത്തിതുടങ്ങി. എസ്ബിഐയാണ് അതിന് തുടക്കമിട്ടത്. വിവിധ കാലയളവിലുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയന്റുമുതല്‍ 75 പോയന്റുവരെയാണ് വര്‍ധന വരുത്തിയത്.
വായ്പ പലിശ നിരക്കുകള്‍ കുറയുന്നതിന്റെ കാലം താല്‍ക്കാലികമായെങ്കിലും അവസാനിച്ചുവെന്നാണ് ഇതില്‍നിന്നുലഭിക്കുന്ന സൂചന.

Post Your Comments Here ( Click here for malayalam )
Press Esc to close