‘വാത്മീകി പറയാത്ത കഥകള്‍’ അറിവിന്റെ മുത്തുകള്‍…

‘വാത്മീകി പറയാത്ത കഥകള്‍’ അറിവിന്റെ മുത്തുകള്‍…

– എന്‍. ബാലകൃഷ്ണ മല്ല്യ
(കൊങ്കണി കവി, സാഹിത്യകാരന്‍)

‘വാത്മീകി പറയാത്ത കഥകള്‍’ പുസ്തകത്തിന്റെ ശീര്‍ഷകം വളരെ ആകര്‍ഷകമാണെങ്കിലും ആദികവിയുടെ മനസ്സില്‍ വെളിപ്പെടാത്ത കഥയോ എന്ന് ആദ്യം എന്റെ മനസ്സിലും അതിശയോക്തി നിറയ്ക്കുന്ന ഒന്നായി തോന്നി.

കഥകള്‍ വായിച്ചു തുടങ്ങിയപ്പോള്‍ ജീവനുള്ള, അകക്കാമ്പുള്ള, അര്‍ത്ഥഗര്‍ഭമായ, മനനം ചെയ്യേണ്ടത്ര അര്‍ത്ഥവ്യാപ്തിയോടുകൂടി എഴുതപ്പെട്ട കഥകളാണെന്നു ബോധ്യപ്പെട്ടു.

ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ അമ്പെയ്ത്തു വീഴ്ത്തിയതു കണ്ട മഹര്‍ഷിയുടെ മനസ്സില്‍നിന്ന് ദുഃഖത്തോടെയും അമര്‍ഷത്തോടെയും വേടന് നേരെ ഉതിര്‍ക്കപ്പെട്ട ശാപവാക്കുകള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസ്‌നേഹത്തിന്റെയും മാനുഷികമൂല്യത്തിന്റെയും ഉദാത്തമായ ഉദാഹരണങ്ങളായിരുന്നില്ലേ?

പുരാണങ്ങള്‍ രചിച്ച ദൃഷ്ടാക്കള്‍ രചന കൊണ്ട് ഉദ്ദേശിച്ച അതേ വിശ്വസ്‌നേഹത്തിന്റെയും മാനുഷികമൂല്യത്തിന്റെയും നിറങ്ങള്‍ തന്നെയാണ് കഥാകാരന്‍ പുരാണ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും മുന്നില്‍ കൊണ്ടുവരുമ്പോള്‍ നല്‍കിയിരിക്കുന്നത്.

മനസ്സാകുന്ന വല്‍മീകത്തില്‍ പല ആണ്ടുകാലം ധ്യാനത്തില്‍ മഗ്‌നമായി സ്ഫുടം ചെയ്യപ്പെട്ട് പ്രസരിക്കുന്ന പുതുമയുള്ള അറിവുകളായാണ് എനിക്ക് ഓരോ കഥകളും അനുഭവപ്പെട്ടത്.

വാത്മീകിയെപ്പോലെ മഹാമനീഷികള്‍ പറയാതെ എന്നാല്‍ ഗുപ്തരൂപത്തില്‍ പറഞ്ഞുവെച്ച കഥാ സന്ദര്‍ഭങ്ങളേയാണ് പുസ്തകരൂപത്തില്‍ കോര്‍ത്തിണക്കിയിട്ടുള്ളത്.

ചെറിയ ചെറിയ കഥകളാണ്. ഏതു പ്രായക്കാര്‍ക്കും രുചിക്കുന്ന, ഏതു തരക്കാര്‍ക്കും രസിക്കുന്ന സരളമായ ഭാഷയാണ് കഥാകാരന്‍ അവലംബിച്ചിരിക്കുന്നത്. അതുകൊണ്ട് ഒറ്റയിരിപ്പില്‍തന്നെ പുസ്തകം മുഴുവന്‍ വായിച്ചാല്‍തന്നെയും അതില്‍ അതിശയപ്പെടേണ്ട ആവശ്യമില്ല.

കഥയിലെ സന്ദര്‍ഭങ്ങളെ പല കോണിലൂടെയും വീക്ഷിച്ചുകൊണ്ടും കഥാപാത്രങ്ങളുടെ മനോനിലകളെ സസൂക്ഷ്മം അപഗ്രഥിച്ചുകൊണ്ടുമുള്ള കഥ അവതരണ രീതിയാണ് കഥാകാരന്‍ സ്വീകരിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയംതന്നെ. അതുകൊണ്ട് യുഗങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ മുന്നില്‍ ദര്‍ശിക്കുന്ന പോലെയുള്ള അനുഭൂതി ഉളവാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

രാമായണത്തില്‍ എല്ലാവരും എടുത്തുപറയുന്ന കഥയാണ് അണ്ണാറക്കണ്ണന് ലഭിച്ച വരം. പുസ്തകത്തിലെ ‘വാല്‍മീകി പറയാത്ത കഥ’ എന്ന ആദ്യ കഥയില്‍തന്നെ അധികമാരും ശ്രദ്ധിക്കാത്ത അണ്ണാറക്കണ്ണന്റെ ശ്രീരാമനോടുള്ള ഭക്തിയും ആദരവും കഥാകാരന്‍ ചുരുക്കം വാക്കുകള്‍ കൊണ്ട് തുറന്നുകാട്ടുകയാണ്.

‘വേണ്ട രാമാ വേണ്ട. ഇനിയൊരു ജന്മം എനിക്കുവേണ്ട. അങ്ങേയ്ക്കും.’

അതുപോലെയാണ് മാണ്ഡവിയുടെ കഥയും.

‘അങ്ങണിഞ്ഞ സിന്ദൂരം മാഞ്ഞുപോകാതിരിക്കാനായി ഞാനും കഠിന വ്രതത്തിലായിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷം! അങ്ങ് അഗ്‌നിപ്രവേശനം ചെയ്താല്‍ പിന്നെ ഞാനെന്തിന്? പിന്നാലെ ഞാനും ഉണ്ടാകും അതേ ചിതയിലേക്ക്.’

ഒരു സന്യാസിയെപ്പോലെ ജീവിച്ച് പതിനാല് കൊല്ലകാലം ശ്രീരാമനെ കാത്തിരുന്ന ഭരതനെ എല്ലാവര്‍ക്കും അറിയാം. ആ ധര്‍മ്മാത്മാവായ ഭരതനെ കാത്തിരുന്ന സാധ്വിയായ പ്രിയപത്‌നിയുടെ സ്‌നേഹവും ദൃഢസങ്കല്പവുമാണ് ‘ഞാന്‍ മാണ്ഡവി’ എന്ന കഥയാല്‍ വെളിപ്പെടുന്നത്.

എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ബൃഹത്തും സങ്കീര്‍ണവുമായ വിഷയങ്ങളെ ലളിതവും സരളവുമായ വാക്കുകള്‍കൊണ്ട് അവതരിപ്പിക്കുവാനുള്ള കഥാകൃത്തിന്റെ ശ്രമം നന്നേ വിജയിച്ചിട്ടുണ്ട് എന്നു പറയേണ്ടിയിരിക്കുന്നു.

‘അദ്ദേഹം എന്നെങ്കിലും ഒരിക്കല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ!
കാരണം ജാതകവശാല്‍ എനിക്ക് ‘സുമംഗലീ മൃത്യു’വാണ് വൈധവ്യമില്ല!’
(കഥ : സുമംഗലി മൃത്യു)

‘അദ്ദേഹം യാത്രയിലാണ്’ എന്ന കഥയില്‍ ചിരഞ്ജീവിയായ ജാംബവാനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കഥാകാരന്‍ ആ ചിരഞ്ജീവിത്വത്തിന് ജീവിതയാത്രയിലെ പഥികന്റെ വേഷം അണിയിക്കുന്നു.

‘ത്രേതായുഗത്തില്‍ നിന്ന് ദ്വാപരയുഗത്തിലേക്ക്… അതേ! അദ്ദേഹം യാത്രയിലാണ്…. ഇന്നും’. പരിവ്രാജകനും സര്‍വ്വസംഗങ്ങളെയും പരിത്യജിച്ചവനുമായ ആ യാത്രികന്‍ എല്ലാത്തിനും സ്വാമിയായ ഈശ്വരനോട് അദ്ദേഹത്തിന്റെ മഹാഭക്തരുടെ ഇടയില്‍ മോക്ഷം പോലും കാംക്ഷിക്കാത്ത തനിക്ക് എന്തിന് സ്ഥാനം നല്‍കിയെന്ന് ചോദിക്കുകയാണ്.

യുദ്ധാവസാനം വീരയോദ്ധാവായ തന്റെ ഭര്‍ത്താവിനെ കുരുക്ഷേത്ര രണാംഗണത്തില്‍ അന്വേഷിച്ച് കണ്ടെത്തുന്ന സ്ത്രീയുടെ ഹൃദയഭേദകമായ തേങ്ങലുകളെയും ജീവന്‍ വെടിയുന്ന പ്രണനാഥനുമായുള്ള അവസാനത്തെ കൂടിക്കാഴ്ചയെയും വര്‍ണ്ണിക്കുന്നതോടൊപ്പം മാംഗല്യകുറി മാഞ്ഞുപോകുംവണ്ണം വിധിവൈപരീത്യമായി പെയ്ത മഴയിലും പ്രതീക്ഷ ചോരാത്ത അവരുടെ മനസ്സിന്റെ പ്രത്യാശയെയും ‘കാലം തെറ്റി പെയ്ത മഴ’ എന്ന കഥയില്‍ കഥാകാരന്‍ ശ്രീകാന്ത് നല്ലവണ്ണം വരച്ചുകാട്ടുന്നു.

എല്ലാംകൊണ്ടും വ്യത്യസ്തമായ വായനാനുഭവമാണ് എനിക്ക് ഈ പുസ്തകം നല്‍കിയത്.

ശ്രീകാന്ത് മട്ടാഞ്ചേരിയുടെ ആദ്യ കഥാസമാഹാരമാണ് ഈ പുസ്തകം. ഇതുപോലെ കഥാസമാഹാരങ്ങളും ബൃഹദ് ഗ്രന്ഥങ്ങളും അദ്ദേഹത്തിന് രചിക്കുവാന്‍ സാധിക്കട്ടേയെന്ന് അകമഴിഞ്ഞ് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

എന്‍. ബാലകൃഷ്ണ മല്ല്യ
(കൊങ്കണി കവി, സാഹിത്യകാരന്‍)
Mob: 9497201681

Post Your Comments Here ( Click here for malayalam )
Press Esc to close