വന്ദേഭാരതിന് പിന്നാലെ കേരളത്തിന് വന്ദേമെട്രോയും റൂട്ടുകളുടെ ആലോചന തുടങ്ങി

വന്ദേഭാരതിന് പിന്നാലെ കേരളത്തിന് വന്ദേമെട്രോയും റൂട്ടുകളുടെ ആലോചന തുടങ്ങി

സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിന്‍ വിജയകരമായി സര്‍വീസ് തുടരുന്നതിനിടെ റെയില്‍വേ പുതുതായി പുറത്തിറക്കുന്ന വന്ദേമെട്രോയും കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.

ട്രെയിന്‍ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ആലോചന തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ തന്നെ റൂട്ടുകള്‍ ഏതൊക്കെയെന്ന് ഉറപ്പിക്കും. ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ചാകും ബോര്‍ഡ് തീരുമാനമെടുക്കുക. അടുത്തവര്‍ഷം ജനുവരിക്കുശേഷം തിരുവനന്തപുരം മുതല്‍ കൊച്ചിവരെയും വന്ദേമെട്രോ എത്തുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിരുന്നു.

വന്ദേമെട്രോയ്ക്ക് ഇരുനൂറ് കിലോമീറ്റര്‍ ദൂരപരിധിയാണ് പറയുന്നതെങ്കിലും അതില്‍ ഇളവുണ്ടാകുമെന്നാണ് അറിയുന്നത്. അതുപോലെ പാസഞ്ചര്‍ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേമെട്രോയ്ക്ക് ഉണ്ടാവുകയുമില്ല. പൂര്‍ണമായും ശീതികരിച്ച പന്ത്രണ്ട് കോച്ചുകളാവും ഈ ട്രെയിനില്‍ ഉണ്ടാവുക. സൗകര്യങ്ങള്‍ ഏറക്കുറെ വന്ദേഭാരതിന് സമാനമായിരിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാവും വന്ദേമെട്രോ ചീറിപ്പായുക.

സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍ പാതകളുടെ വളവ് നിവര്‍ത്തലും മറ്റുമൊക്കെ അധികം വൈകാതെ തന്നെ പൂര്‍ത്തിയാവും.അതിനാല്‍ വന്ദേമെട്രോയ്ക്ക് ഇത്രയും വേഗത്തില്‍ കുതിക്കാന്‍ തടസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേമെട്രോയ്ക്ക് ആവശ്യമായ റേക്ക് നിര്‍മ്മിക്കുന്നത്. നവംബര്‍ അവസാനത്തോടെയാവും ആദ്യറേക്ക് പുറത്തിറക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close