ഫിദ-
ഉഷാമേനോന്‍ എന്ന മാഹി സ്വദേശിനിക്ക് സംഗീതമെന്നാല്‍ ജീവവായുവാണ്. ജീവിതത്തിന്റെ ഏത് മേഖലയിലായാലും സംഗീതത്തിന്റെ താളവും ആത്മാവും കാത്തുസൂക്ഷിക്കുന്ന ഇവര്‍ക്ക് പാട്ടും പാട്ടെഴുത്തും ഒഴിവാക്കിയുള്ള ഒരു ജീവിതം ഓര്‍ക്കുക പോലും വയ്യ.
കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ മലയാള സിനിമക്കായി കുറച്ചു നല്ല ഗാനങ്ങള്‍ സമ്മാനിച്ച ഈ കവയിത്രിയില്‍ നിന്നും മലയാള സിനിമ ഇനിയുമേറെ ഗാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഈ മാസം 25ന് പ്രദര്‍ശനത്തിനായി എത്തുന്ന അജിതന്‍ സംവിധാനം ചെയ്യുന്ന ‘നല്ലവിശേഷം’ എന്ന ചിത്രത്തില്‍ ‘നിന്മിഴിയില്‍ കണ്ടു’ എന്ന് തുടങ്ങുന്ന ഗാനം ഉഷാമേനോന്റെ തൂലികയില്‍ പിറന്നതാണ്. സിനിമ പുറത്തിറങ്ങുംമുമ്പ് തന്നെ ഹിറ്റായിക്കഴിഞ്ഞ പ്രണയം തുളുമ്പുന്ന ഈ ഗാനം ഇതിനകം യുവതലമുറ ഏറ്റെടുത്തു കഴിഞ്ഞു. ബിജു സോപാനവും ശ്രീജി ഗോപിനാഥനും പ്രധാന കഥാപാത്രങ്ങളാകുന്ന നല്ല വിശേഷത്തില്‍ ചെമ്പില്‍ അശോകന്‍, ബാലാജി, ദിനേശ് പണിക്കര്‍, ശശികുമാര്‍ (കാക്കമുട്ടൈ ഫെയിം), തിരുമല രാമചന്ദ്രന്‍, രമേഷ് ഗോപാല്‍, അപര്‍ണാ നായര്‍, അനിഷ, സ്‌റ്റെല്ല, ശ്രീജ എന്നിവരും വേഷമിടുന്നുണ്ട്.
ഡല്‍ഹിയിലാണ് ഉഷാദേവി മേനോന്‍ എന്ന ഉഷാ മേനോന്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. കുട്ടിക്കാലം മുതലെ കവിതകളും ഗാനങ്ങളും മറ്റും കുത്തിക്കുറിച്ചിടുന്ന സ്വഭാവമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. 2008 മുതലാണ് ഉഷാമേനോനിലെ കവയിത്രി സജീവമായത്. ഡല്‍ഹിയിലെ മലയാളി സംഘടനകളിലും കലാസാംസ്‌കാരിക പരിപാടികളിലും മറ്റും ഭാഗമായി. അതോടെ അവരിലെ കവി ഹൃദയവും ഉണര്‍ന്ന് തുടങ്ങി.
ഫേസ്ബുക്കിലാണ് കവിതകള്‍ എഴുതി പോസ്റ്റ് ചെയ്തിരുന്നത്. അങ്ങനെ എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ പ്രോത്സാഹനവും ഭര്‍ത്താവിന്റെയും മകളുടെയും പിന്തുണയും.കൂടെ പിറപ്പുകളുടെയും പിന്തുണ എഴുത്തിന് പ്രേരണയായെന്ന് ഉഷാമേനോന്‍ പറഞ്ഞു.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ 2013ല്‍ ‘ഫേസ് ബുക്കിലൂടെ ആല്‍ബം ഗാനങ്ങള്‍ക്ക് വേണ്ടി ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ് മത്സരം തുടങ്ങി യിരുന്നു.
നിരവധി പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഈസ്റ്റ് കോസ്റ്റ് പന്ത്രണ്ട് പേരെയാണ് തെരഞ്ഞെടുത്തത്. അതില്‍ ഒരാളാണ് ഉഷാ മേനോനും.
നിന്നെ വായിക്കുവാന്‍’ എന്ന ആല്‍ബവും അവര്‍ പുറത്തിറക്കി. ഉഷാ മേനോന്‍ എഴുതിയ ‘ഈറന്‍ മിഴിയുമായ്’ എന്ന് തുടങ്ങുന്ന ഗാന ത്തിന് സന്തോഷ് വര്‍മ്മ സംഗീതം നല്‍കിയ ആ ഗാനം ആലപിച്ചത് ഗായിക ശ്രുതി സാബു ആണ് .
പിന്നീട് 2013ല്‍ പ്രസിദ്ധി നേടിയ ദേവ ഗീതം എന്ന ഭക്തി ഗാന സിഡിക്ക് ടി എസ് .രാധാകൃഷ്ണന്‍ സംഗീതം നല്‍കി. ഉണ്ണിമേനോന്‍, സുദീപ്, ചിത്ര അരുണ്‍ എന്നിവര്‍ അപലിച്ച ഗാനങ്ങള്‍ക്ക് ഉഷാ മേനോന്‍ ആണ് രചന നിര്‍വഹിച്ചത്.. 2014 മാതൃഭൂമിയുടെ പുസ്തകോത്സവത്തില്‍ വച്ച് എഴുപത്തില്‍ പരം കവിതകള്‍ അടങ്ങിയ അക്ഷര പൂക്കള്‍ എന്ന കാവ്യ സമാഹാരം ഡോക്റ്റര്‍ ബി . അശോക് ഐഎഎസ്.പ്രകാശനം ചെയ്യുക ഉണ്ടായി. സുഹൃത്തുക്കളും ബന്ധുക്കളും നല്‍കിയ പ്രോത്സാഹനമാണ് ഒരു കവിത പുസ്തകമായ അക്ഷര പൂക്കള്‍ പ്രസിദ്ധീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.
അന്നത്തെ മാതൃഭൂമിയുടെ ബ്യുറോ ചീഫ് അശോകനും പ്രമുഖ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ സാറും ആനന്ദ് സാറും പ്രമുഖ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ജി യുടെയും ഉപദേശവും പ്രോത്സാഹനവും അതിന് പിന്നിലുണ്ടായിരുന്നു.
അദ്യ കവിത ‘അക്ഷരകൂട്ട്’. 2017 ല്‍ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ 9 ഗാനങ്ങള്‍ അടങ്ങിയ ‘ദേവ തീര്‍ത്ഥം ‘എന്ന ഭക്തിഗാന ആല്‍ബത്തിന് പാട്ടെഴുതി. പ്രമീളയാണ് ആലപിച്ചത്.
പിന്നീട് ‘കലാകേന്ദ്ര’ ദുബൈയില്‍ പുറത്തിറക്കിയ ‘ഓണ നിലാവ്’ എന്ന സീഡിയിലും എനിക്ക് ഗാനമെഴുതാന്‍ അവസരം ലഭിച്ചു.
‘റീല്‍ ദുബൈ’യുടെ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മെബി ജോസഫ് സംവിധാനം ചെയ്ത ‘അന്നും ഇന്നും എന്നും’ എന്ന ഷോര്‍ട്ഫിലിമിന്റെ ടൈറ്റില്‍ സോംഗ് എന്റേതാണ്. രാഹുല്‍ സംഗീതം നല്‍കിയ ഗാനം ജിന്‍സാണ് ആലപിച്ചത്.
പിന്നീട് 2018 ല്‍ അനീഷ് തങ്കച്ചന്‍ സംവിധാനം ചെയ്ത ‘വെള്ളക്കുതിര’ എന്ന ചിത്രത്തില്‍ ഹരീഷ് മണി സംഗീത സംവിധാനം നിര്‍വഹിച്ച എന്റെ ഗാനം ലേഖ അജയ് ആലപിച്ചു. 6 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി എന്നിവരുടെ ഗാനങ്ങളുടെ കൂടെ എന്റെ ഗാനത്തിനും ഒരു സ്ഥാനം കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു.
വെറുമൊരു പാട്ടെഴുത്ത്കാരി മാത്രമല്ല ഉഷാമേനോന്‍, ഡബ്ബിംഗ് ആര്‍ടിസ്റ്റ് കൂടിയാണ്. ദൂരദര്‍ശന് വേണ്ടി ചെയ്ത ചില പ്രോഗ്രാം ഓള്‍ ഇന്ത്യ റേഡിയോയില്‍ വന്നിട്ടുണ്ട്. ഓള്‍ ഇന്ത്യാ റേഡിയോയുടെ ഗോപന്റെ കൂടെ കുറച്ച് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ 2010 കേന്ദ്ര സര്‍ക്കാരിന്റെ ‘ഐ കെയര്‍’ എന്ന പരസ്യചിത്രത്തില്‍ മുത്തശ്ശിയായും വേഷമിട്ടു. ജോഷി സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വോയ്‌സ് ഡബ്ബിംഗ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും അതില്‍ പങ്കെടുക്കാനാവാത്തത് മനസില്‍ ഒരു നീറ്റലായി അവശേഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരിക സംഘടനകളില്‍ അറിയപ്പെടുന്ന ദീപു മേനോന്‍ എന്ന ദിവാകര്‍ മേനോന്‍ ആണ് ഉഷയുടെ ഭര്‍ത്താവ്.
എംബിഎ മാര്‍ക്കറ്റിങ്ങില്‍ ബിരുദദാരിയായ മകള്‍ ദീപ്തി മേനോന്‍ ബാംഗലുരൂവില്‍ ജോലി ചെയ്തു വരുന്നു. ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ് ദീപ്തി.