ചുട്ടുപൊള്ളുന്ന ‘ഉപ്പ് പൂക്കും മരം’

ചുട്ടുപൊള്ളുന്ന ‘ഉപ്പ് പൂക്കും മരം’

 

-അനില്‍ജിത്ത്-

ആദിയും മദ്ധ്യവും, അന്തവുമില്ലാത്ത ഭാവനാ സഞ്ചാരങ്ങള്‍ ചുട്ടുപൊള്ളി അടര്‍ന്നു വീണ കവിതകളുടെ സമാഹാരമാണ് പ്രവാഹിനിയുടെ ‘ ഉപ്പ് പൂക്കും മരം’. അഗാധമായ മൗനം വെടിഞ്ഞ്, വാക്കുകളുടെ അഗ്‌നിയില്‍ ജ്വലിപ്പിച്ചെടുത്തവ…വായിക്കപ്പെടുമ്പോള്‍, നിലാവുകുടിക്കുന്നവര്‍, പെണ്ണെഴുത്ത്, സൂര്യ വനങ്ങള്‍, കല്ല്, അരക്കെട്ടുകള്‍, നദി തുടങ്ങിയ അറുപത്തിയേഴ് കവിതകള്‍.

”വായിച്ചുകൊള്‍കെന്നെ
എന്റേതല്ലാത്ത ജന്മങ്ങളിലിടത്താളായും
നേര്‍വഴികളിലിഴയുന്നക്ഷരനാഗമായും…”
യാദൃശ്ചികമായിട്ടാണെങ്കിലും തന്റെ കവിതകളുടെ സ്വഭാവം വെളിപ്പെടുത്തുകയാണ് ”വായിക്കപ്പെടുമ്പോള്‍ ” എന്ന കവിതയിലൂടെ പ്രവാഹിനി.

നേരറിവുകള്‍..
വായനച്ചിന്തുകള്‍..
ഭാവനകള്‍..
ഇതിന്റെയെല്ലാം ആനുപാതികമായ കൂടിച്ചേരലുകള്‍..
ഉപ്പു പൂക്കും മരം എന്ന കവിതാ സമാഹരത്തെ അങ്ങനെ വിശേഷിപ്പിക്കാനാണിഷ്ടം..

ചിലപ്പോള്‍ ഉന്മാദത്തിന്റെ കവിത പൊട്ടിപ്പുറപ്പെടുന്നുണ്ട് പ്രവാഹിനിയുടെ തൂലികയില്‍ നിന്നും..
ചിലപ്പോള്‍ പ്രതിക്ഷേധത്തിന്റെ ജ്വാലകള്‍..
”എന്റെ പെണ്ണുടലിനുള്ളിലെ
ചിന്തകള്‍ക്കതിരുകെട്ടരുത്… ”
പെണ്ണെഴെത്ത് എന്ന കവിതയിലൂടെ ഉറക്കെ വിളിച്ചു പറയുമ്പോള്‍ പ്രതിക്ഷേധം ഉച്ചസ്ഥായിയിലെത്തുന്നു.
എഴുത്തുകളെ ആണ്‍, പെണ്‍ എഴുത്തുകള്‍ എന്ന തരംതിരിവിനെതിരെ ഉച്ചത്തില്‍ ശബ്ദിക്കുന്നുണ്ട് ചില വരികള്‍.

‘വെളിച്ചത്തിന്‍ വിത്തു വിതക്കുവാന്‍ പരിശുദ്ധമായ മുറിവേല്‍ക്കാത്ത കന്നിമണ്ണ് തേടുകയാണ് സൂര്യവനങ്ങള്‍ എന്ന കവിതയില്‍.
നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ സൂര്യ മുഖങ്ങള്‍ കാണാതെ, ചിതറി വീഴുന്ന വെളിച്ചത്തിന്റെ ഒരു കണിക പോലും കാണാതെ ഇരട്ടു തേടുകയാണിന്ന് മനുഷ്യര്‍.
പുരുഷ മേല്‍കോയ്മക്കുള്ള മറുപടിയാണ് പിടയും കൂവും എന്ന കവിതയില്‍ വായിക്കാന്‍ കഴിയുന്നത്..
പെരുവിരല്‍ കൊണ്ട് നൃത്തം ചമക്കുന്ന
വെറും പെണ്ണേ നിന്നെ നോക്കി കാലം പരിഹസിക്കാതിരിക്കാന്‍ ശക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനം ഇതിലുണ്ട്..
മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്…
അത് സാഹിത്യത്തിലും അങ്ങനെ തന്നെ..
പാരമ്പര്യ വാദങ്ങളും ആധുനികതയും നവതലമുറ വാദങ്ങളും കവിതയില്‍ അരങ്ങു തകര്‍ക്കുന്ന ഈ കാലത്ത് ചില പച്ചത്തുരുത്തുകള്‍, ചില തണ്ണീര്‍പ്പന്തലുകള്‍ തേടുന്ന അനുവാചകന് അല്പമെങ്കിലും കുളിര്‍മ്മ നല്‍കാന്‍ ഈ കവിതകള്‍ക്കു കഴിയും.
‘ ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്..
ഒരിടം കണ്ടെത്താനുണ്ട്.
നദി പോലെ ഒഴുകുന്ന കവിതകള്‍ പിറക്കട്ടെ..
പര്‍വ്വതങ്ങളിലൂടെ അത് കുതിച്ചൊഴുകട്ടെ..
സമതലങ്ങളില്‍ ശാന്തത കൈവരിക്കട്ടെ.
”ഉരുകാനുമുടയാനുമാവില്ലിനി
തീര്‍ക്കണമെന്നെയുരുക്കിനാല്‍…’ വായിച്ചു കഴിഞ്ഞാലും പിടഞ്ഞെഴുന്നേല്‍ക്കാനുള്ള കെല്‍പ്പുള്ളവയാണ് പ്രവാഹിനിയുടെ കവിതകള്‍ എന്ന കാര്യത്തില്‍ സംശയമില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close