യു.എ.ഇ. സന്ദര്‍ശിക്കാനെത്തുന്നവരുടെ കുട്ടികള്‍ക്ക് വിസാ ഫീസ് ഇളവ്

യു.എ.ഇ. സന്ദര്‍ശിക്കാനെത്തുന്നവരുടെ കുട്ടികള്‍ക്ക് വിസാ ഫീസ് ഇളവ്

അളക ഖാനം-
ദുബൈ: യു.എ.ഇ. സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുടെ കുട്ടികള്‍ക്ക് വിസാ ഫീസ് ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം നല്‍കുക.
സന്ദര്‍ശക വിസയില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇളവ്. ഇവരില്‍ നിന്നും വിസക്കായി ഫീസുകളൊന്നും ഈടാക്കില്ല.
യു.എ.ഇ. സന്ദര്‍ശിക്കാന്‍ കൂടുതല്‍ കുടുംബങ്ങളെ പ്രേരിക്കുന്നതാണ് പുതിയ തീരുമാനം. വിവിധ രാജ്യങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ലോക ടൂറിസത്തിന്റെ കേന്ദ്രമാകാനുള്ള യു.എ.ഇയുടെ നടപടികളുടെ ഭാഗമാണ് ഇത്. സന്ദര്‍ശകര്‍ക്ക് വേണ്ടി നേരത്തെയും വിസ ചട്ടങ്ങളില്‍ യു.എ.ഇ. ഇളവ് വരുത്തിയിരുന്നു. ട്രാന്‍സിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് 48 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാന്‍ ഫീസ് ഈടാക്കേണ്ടതില്ലെന്നതായിരുന്നു ഇതില്‍ പ്രധാനം.
50 ദിര്‍ഹം നല്‍കി ഈ ആനുകൂല്ല്യം 96 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാനും അനുമതി നല്‍കി. 2018ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 3.28 കോടി ആളുകളാണ് യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത്. വര്‍ഷം മുഴുവന്‍ നടക്കുന്ന പലതരം ആഘോഷങ്ങളില്‍ പങ്കെടുക്കാനും യു.എ.ഇയിലെ ഹോട്ടലുകളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും മാത്രം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് വര്‍ഷംതോറും എത്തുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close