ട്രഷറി സമ്പാദ്യത്തിന് ആറു ശതമാനം പലിശ

ട്രഷറി സമ്പാദ്യത്തിന് ആറു ശതമാനം പലിശ

ഗായത്രി
തിരു: മേയ് മുതല്‍ സംസ്ഥാനത്തെ ട്രഷറികള്‍ പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടക്കാവുന്ന രീതി ഉടന്‍ ഏര്‍പ്പെടുത്തും. ട്രഷറി അക്കൗണ്ടുവഴിയുള്ള പണം കൈമാറ്റത്തിന് മൊബൈല്‍ ആപ്പും നിലവില്‍ വരും.
ഇതോടെ മാസാദ്യം സര്‍ക്കാരിന് പണമില്ലാതെ വരുന്ന സ്ഥിതി ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ. ജീവനക്കാര്‍ എല്ലാവരും ഒറ്റയടിക്ക് പണം പിന്‍വലിക്കില്ല. അതിനാല്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ ആവശ്യത്തിന് പണമുണ്ടാവും. ഇപ്പോള്‍ കേന്ദ്രസഹായം എല്ലാമാസവും 15ന് ശേഷമാണ് കിട്ടുന്നത് എന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ പണം തികയാത്ത അവസ്ഥയുണ്ട്.
15ാം ധനകാര്യ കമ്മിഷന്‍ മേയ് അവസാനം കേരളം സന്ദര്‍ശിക്കും. 2011ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് ഈ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുക. ഇതുവരെ 1971ലെ ജനസംഖ്യ ആയിരുന്നു അടിസ്ഥാനം. ജനസംഖ്യ കുറ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിജയിച്ച കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാവുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം ട്രഷറി സമ്പാദ്യ അക്കൗണ്ടിലൂടെ നല്‍കുമ്പോള്‍ പിന്‍വലിക്കാത്ത പണത്തിന് ആറുശതമാനം പലിശ നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചു. എല്ലാ ജീവനക്കാര്‍ക്കും പ്രത്യേകമായി തുറക്കുന്ന ഇലക്ട്രോണിക് ടി.എസ്.ബി. അക്കൗണ്ടിലേക്കാണ് ശമ്പളം നല്‍കുന്നത്. ഇതിന് പലിശ നിശ്ചയിക്കുന്നതും പ്രത്യേകമായാവും. സാധാരണ ടി.എസ്.ബി. അക്കൗണ്ടിലെ നിക്ഷേപത്തിന് ഇപ്പോള്‍ 4.5 ശതമാനമാണ് പലിശ.
നിലവില്‍ ട്രഷറി സമ്പാദ്യ അക്കൗണ്ടുകളില്‍ പലിശ കണക്കാക്കുന്നത് എല്ലാ മാസവും 10നും 30നും ഇടയിലുള്ള ഏറ്റവും കുറഞ്ഞ നീക്കിയിരിപ്പിനാണ്. എന്നാല്‍, ഇലക്ട്രോണിക് ടി.എസ്.ബി. അക്കൗണ്ടില്‍ മാസം ഒന്നിനും 15നും ഇടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നീക്കിയിരിപ്പ് തുക്ക്കാണ് പലിശ കണക്കാക്കുന്നത്. ഇതിനാല്‍ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കുന്നത് കുറയും.
ട്രഷറി സമ്പാദ്യ അക്കൗണ്ട് ഉള്ളവര്‍ക്ക് നെറ്റ് ബാങ്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും.

Post Your Comments Here ( Click here for malayalam )
Press Esc to close