ആകര്‍ഷകമായ സേവന വ്യവസ്ഥകളുമായി ട്രഷറി അക്കൗണ്ടുകള്‍

ആകര്‍ഷകമായ സേവന വ്യവസ്ഥകളുമായി ട്രഷറി അക്കൗണ്ടുകള്‍

 

ആകര്‍ഷകമായ സേവന വ്യവസ്ഥകളുമായി ട്രഷറി അക്കൗണ്ടുകള്‍ സജീവമാകുന്നു. സാധാരണ ബാങ്കുകള്‍ പോലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന സാഹചര്യത്തിലാണ് ഇടപാടുകരെ ആകര്‍ഷിക്കാന്‍ ട്രഷറികള്‍ രംഗത്തെത്തുന്നത്.
എന്താണ് ട്രഷറി അക്കൗണ്ടുകളുടെ സവിശേഷതയെന്തെന്ന് നോക്കാം.
എസ്.ബി എക്കൗണ്ട് നിക്ഷേപവും സ്ഥിര നിക്ഷേപവും സാധ്യമാക്കുന്ന ട്രഷറി സര്‍വീസ് ചാര്‍ജുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല മികച്ച പലിശ വരുമാനവും നിക്ഷേപകന് ഇതിലൂടെ കൈവരിക്കാനാകുന്നു.
പ്രധാനമായും രണ്ട് തരത്തിലുള്ള നിക്ഷേപാവസരങ്ങളാണ് ട്രഷറി മുഖേന ലഭ്യമാകുന്നത്.
1) എസ്.ബി എക്കൗണ്ടിലെ നിക്ഷേപം: എസ്ബി എക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനം വാര്‍ഷിക അടിസ്ഥാനത്തില്‍ പലിശ നല്‍കുന്നു.
പലിശ തുക ഓരോ മാസവും എക്കൗണ്ടില്‍ എത്തും. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം, പിന്‍വലിക്കാം. സര്‍വീസ് ചാര്‍ജായി ഒന്നും ഈടാക്കുന്നില്ല. 100 രൂപ എക്കൗണ്ടില്‍ എന്നും ഉണ്ടായിരിക്കണമെന്നുമാത്രം.
2) സ്ഥിര നിക്ഷേപം: കേരളത്തില്‍ മറ്റേതൊരു ബാങ്കും നല്‍കുന്നതിനേക്കാള്‍ കൂടിയ പലിശ ട്രഷറി എക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നു.
ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം പലിശയാണ് നല്‍കുന്നത്. 180 ദിവസത്തെ നിക്ഷേപത്തിന് 7.50 ശതമാനവും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒന്‍പത് ശതമാനമാണ് പലിശ ലഭിക്കുക. സര്‍വീസില്‍ വിരമിച്ചവര്‍ക്ക് 60 വയസ് തികഞ്ഞില്ലെങ്കിലും മുതിര്‍ന്ന പൗരന്മാരായി പരിഗണിച്ച് ഒമ്പത് ശതമാനം പലിശ തന്നെ ലഭിക്കും. സ്ഥിരനിക്ഷേപം കാലാവധി തീരുംമുമ്പ് പിന്‍വലിക്കാനും കഴിയും. അങ്ങനെ വന്നാല്‍ പലിശ 6.5 ശതമാനമായി കുറയുമെന്ന് മാത്രം.
സ്ഥിര നിക്ഷേപത്തിന്റെ പലിശ എസ്.ബി എക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയതിനാല്‍ മറ്റേത് നിക്ഷേപത്തേക്കാളും സുരക്ഷിതവുമായിരിക്കും ഇത്.
പെന്‍ഷന്‍ തുക കൈകാര്യം ചെയ്യുന്ന പെന്‍ഷന്‍ ട്രഷറി സേവിംഗ്‌സ് ബാങ്ക്‌സും എസ്.ബി. എക്കൗണ്ടിലെ നിക്ഷേപത്തിന് തുല്യമായ പലിശ നല്‍കുന്നുണ്ട്. 12 വയസ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും ട്രഷറികളില്‍ എക്കൗണ്ട് തുറക്കാം. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുമായി ട്രഷറിയില്‍ ചെന്നാല്‍ കെ.വൈ.സി ഫോം പൂരിപ്പിച്ചു കൊടുത്ത് എക്കൗണ്ട് തുടങ്ങാനാകും. വോട്ടേഴ്‌സ് ഐഡി കാര്‍ഡോ, െ്രെഡവിംഗ് ലൈസന്‍സ് പോലുള്ള സാധാരണ തിരിച്ചറിയില്‍ കാര്‍ഡുകളെ കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതാത് വകുപ്പുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം, എക്കൗണ്ട് ഉടമയ്ക്ക് ചെക്ക് ബുക്കും പാസ് ബുക്കും നല്‍കും. 100 രൂപയാണ് മിനിമം ബാലന്‍സ്. ഇതില്ലെങ്കില്‍ എക്കൗണ്ട് നഷ്ടമാകും.
ബാങ്കും ട്രഷറിയും
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 200ലേറെ ട്രഷറികളില്‍ നിന്നും സബ് ട്രഷറികളില്‍ നിന്നും അക്കൗണ്ട് ഉടമ്ക്ക് ഇടപാട് നടത്താനാകും. ട്രഷറിയില്‍ നിശ്ചിത തുകയുടെ ചെക്ക് ഒപ്പിട്ട് നല്‍കിയാല്‍ ട്രഷറിയില്‍ നിന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും. ഇതുവഴി എടിഎം സേവനവും ലഭ്യമാകും.
വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മുമ്പ് നിലവിലുണ്ടായിരുന്ന സഞ്ചയിക സമ്പ്രദായം ട്രഷറിയിലൂടെ പുനരവതരിപ്പിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close