സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

ഗായത്രി-
തിരു: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. നിത്യനിദാന ചെലവുകളുടെ ബില്ലുകളും ചെക്കുകളും അനുവദിക്കുന്ന പരിധി ഒരു കോടിയില്‍നിന്ന് 50 ലക്ഷമായി കുറക്കാനാണ് ധനവകുപ്പ് തീരുമാനം. അടിയന്തരമായി ഇത് നടപ്പാക്കാന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡയറക്ടര്‍ നിര്‍ദേശം ഇമെയിലായി സംസ്ഥാനത്തെ ട്രഷറികള്‍ക്ക് നല്‍കിയതോടെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു.
50 ലക്ഷത്തിന് മുകളിലുള്ള ചെക്കുകളും ബില്ലുകളും ഇനി പാസാകില്ല. ഇതിന് വെയ്‌സ് ആന്‍ഡ് മീന്‍സ് ക്ലിയറന്‍സ് വേണ്ടിവരും. നിലവിലെ മറ്റ് ട്രഷറി നിയന്ത്രണങ്ങള്‍ മറ്റൊരുത്തരവ് വരെ തുടരാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവന്നാല്‍ ഗൗരവമായി കാണുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഒരു പരാതിയും ഇതിന്റെ പേരില്‍ ഉണ്ടാകരുതെന്ന് ട്രഷറി ഡയറക്ടര്‍ താഴേക്ക് ഉത്തരവ് നല്‍കി. എത്രനാള്‍ നിയന്ത്രണം നീളുമെന്ന് വ്യക്തമല്ലെങ്കിലും സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തില്‍ തുടരാനാണ് സാധ്യത.
വാര്‍ഷികപദ്ധതി നടത്തിപ്പിന് വേഗം കൈവരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലാണ് ഇക്കൊല്ലവും ട്രഷറി നിയന്ത്രണം. കഴിഞ്ഞവര്‍ഷം കടുത്ത പ്രതിസന്ധി വന്നപ്പോള്‍ ആറ് മാസത്തോളം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇക്കൊല്ലത്തെ വാര്‍ഷിക പദ്ധതിയായ 29,150 കോടിയില്‍ ഇതുവരെ ചെലവിടാനായത് 11916.26 കോടി മാത്രമാണ്. 40.88 ശതമാനം. പ്രളയപ്രവര്‍ത്തനങ്ങള്‍ക്കായി 20 ശതമാനം തുക വാര്‍ഷികപദ്ധതിയില്‍ വെട്ടിക്കുറച്ചിരുന്നു. പുതിയ നിയന്ത്രണം അവശേഷിക്കുന്ന പദ്ധതിയെയും ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ 7000 കോടിയുടെ പദ്ധതിയില്‍ വിനിയോഗം 46.29 ശതമാനമാണ്.
ക്രിസ്മസിന് മുന്നോടിയായി ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 2146 കോടി അനുവദിച്ചിരുന്നു. ഈ മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യണം. ജനുവരി മുതല്‍ പദ്ധതിപ്രവര്‍ത്തനത്തിന് വേഗം വരേണ്ടതാണ്. പണം കണ്ടെത്താന്‍ കഴിഞ്ഞദിവസം 1000 കോടി കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close