ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ‘ടെലികോം കമീഷന്‍’ അംഗീകാരം നല്‍കി

ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ‘ടെലികോം കമീഷന്‍’ അംഗീകാരം നല്‍കി

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ‘ടെലികോം കമീഷന്‍’ അംഗീകാരം നല്‍കി. ‘ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ’ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഉപയോഗത്തില്‍ സേവനദാതാക്കള്‍ നടപ്പാക്കുന്ന വിവേചനം തടയുന്നതാണ് നിയമം. ചില നിര്‍ണായക ആപ്ലിക്കേഷനുകളും സേവനങ്ങളും നിയമത്തിന്റെ പരിധിക്ക് പുറത്താണ്. ഇവക്ക് മുന്‍ഗണനാടിസ്ഥാനത്തിലുള്ള നെറ്റ് ലൈനുകളും സാധാരണ സംവിധാനത്തിനേക്കാള്‍ മെച്ചപ്പെട്ട വേഗതയും ആവശ്യമായി വരുമെന്നതിനാലാണ് ഇത്. വിദൂര ശസ്ത്രക്രിയ, ആളില്ലാ കാറുകള്‍ തുടങ്ങിയവയാണ് ഈ ഗണത്തില്‍ വരുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉള്ളടക്കത്തെ വിവേചനപരമായി ബാധിക്കും വിധം സേവനദാതാക്കള്‍ കരാറില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കണമെന്ന് ‘ട്രായ്’ നിര്‍ദേശിച്ചു.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാല്‍ കടുത്ത പിഴ ചുമത്തും. മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്കും സാമൂഹിക മാധ്യമ കമ്പനികള്‍ക്കും ഇത് ബാധകമാണ്. പുതിയ ടെലികോം നയത്തിനും കമീഷന്‍ അംഗീകാരം നല്‍കി. ഇതിന് കേന്ദ്ര കാബിനറ്റിന്റെ അനുമതി ലഭിക്കണം. രാജ്യത്ത് ഡിജിറ്റല്‍ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രാധാന്യം ഇതു സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഊന്നിപ്പറഞ്ഞുവെന്ന് ‘നിതി ആയോഗ്’ സി.ഇ.ഒ അമിതാഭ് കാന്ത് വ്യക്തമാക്കി.
എല്ലാ ജില്ലകളിലും കാലതാമസമില്ലാതെ ഈ രംഗത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണം. അതുവഴി രാജ്യത്ത് വ്യാപാര അനുകൂല അന്തരീക്ഷം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close