ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തും

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തും

ഫിദ-
തിരു: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ പരിഗണനയില്‍. ഉടന്‍ചേരുന്ന സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കും.
വിനോദയാത്രക്ക് ഉപയോഗിക്കുന്ന ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടര്‍ന്നാണിത്. നിലവില്‍ വിവിധ വിഭാഗത്തിലെ പൊതുവാഹനങ്ങള്‍ക്കും നമ്പര്‍ബോര്‍ഡുകള്‍ക്കും എസ്.ടി.എ. നിറം നിഷ്‌കര്‍ഷിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍പ്ലേറ്റ് നല്‍കിയത് അടുത്തിടെയാണ്.
വിനോദയാത്രക്കുള്ള ബസുകളുപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതും ലേസര്‍ലൈറ്റുകള്‍വരെ ഘടിപ്പിച്ച് ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചതും പരാതിക്കിടയാക്കിയിരുന്നു.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമായിരുന്നു ഇതിനു കാരണം. ബസുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
പഴയ ബസുകള്‍ പുതിയ നിറത്തിലേക്കു മാറാന്‍ സാവകാശം നല്‍കും. പുതിയ ബസുകള്‍ നിഷ്‌കര്‍ഷിക്കുന്ന നിറത്തില്‍ ഇറക്കണം. പഴയ ബസുകള്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ ഫിറ്റ്‌നസ് പരിശോധനക്ക് ഹാജരാക്കേണ്ടതുണ്ട്. അപ്പോള്‍ നിറംമാറ്റേണ്ടിവരും.
അന്തസ്സംസ്ഥാന റൂട്ടുകളുടെ പെര്‍മിറ്റ് നിശ്ചയിക്കുന്നതടക്കം ഗതാഗതപരിഷ്‌കാരങ്ങള്‍ക്കുള്ള അന്തിമസമിതിയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അധ്യക്ഷയായ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ട്രാഫിക് ഐ.ജി.ക്കു പുറമേ ഒരു അനൗദ്യോഗിക അംഗംകൂടി സമിതിയിലുണ്ട്.
റൂട്ട് ബസുകള്‍ക്ക് ഏകീകൃതസ്വഭാവം നല്‍കുന്നതിന് 2018 ഏപ്രിലിലാണ് മൂന്നുതരത്തിലെ നിറങ്ങള്‍ ഏര്‍പ്പെടുത്തിയത്. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്‌റ്റോപ്പ് എന്നിങ്ങനെ മൂന്നുതരത്തിലാണ് ബസുകളെ വേര്‍തിരിച്ചത്. കോണ്‍ട്രാക്ട് ക്യാരേജ് വിഭാഗത്തില്‍ ഒരു നിറമാണ് പരിഗണിക്കുന്നത്.
കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം അംഗീകരിച്ച ടൈപ്പ് ഫോര്‍ ബസുകളാണ് വിനോദയാത്രകള്‍ക്കായി ഉപയോഗിക്കുന്നത്. ബസിന്റെ ഉള്ളിലെ ലൈറ്റുകള്‍, സീറ്റുകള്‍ അടക്കമുള്ള സൂക്ഷ്മഘടകങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ബസുകളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍വരെ സജ്ജീകരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close