ടൂറിസംമേഖലയെയും പ്രളയം തകര്‍ത്തു

ടൂറിസംമേഖലയെയും പ്രളയം തകര്‍ത്തു

ഗായത്രി-
കോട്ടയം: പ്രളയം സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയില്‍ സൃഷ്ടിച്ചത് കനത്ത തിരിച്ചടി. ആദ്യപ്രളയം സൃഷ്ടിച്ച വന്‍കെടുതികളില്‍നിന്ന് രക്ഷപ്പെടും മുമ്പുണ്ടായ രണ്ടാം പ്രളയത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ടൂറിസം രംഗത്തെ നൂറുകണക്കിനു സ്ഥാപനങ്ങളും സംഘടനകളും. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഏറക്കുറെ വിജനമാണ്. ആദ്യപ്രളയത്തിനുശേഷം ക്രമേണ വളര്‍ച്ച നേടിവന്ന കേരള ടൂറിസത്തിനു രണ്ടാം പ്രളയം കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് ടൂറിസം വകുപ്പും സ്വകാര്യ സംരംഭകരും കേരള ട്രാവല്‍മാര്‍ട്ടടക്കം സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നാശംവിതച്ചത് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലകളിലായതോടെ നഷ്ടപ്പെട്ട ബുക്കിങ്ങുകള്‍ ഇനി തിരികെ കൊണ്ടുവരാന്‍ പെട്ടെന്ന് കഴിയില്ലെന്ന ആശങ്ക അവര്‍ പങ്കുവെക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടേതടക്കം നൂറുകണക്കിനു ബുക്കിങ്ങുകള്‍ റദ്ദാക്കിയിട്ടുണ്ട്. അപകടരഹിത മണ്‍സൂണ്‍ ടൂറിസത്തിലെ പ്രതീക്ഷയും ഓണം ടൂറിസം പ്രതീക്ഷയും ഇതോടെ ഇല്ലാതായി.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് പ്രളയം ടൂറിസത്തിനു കനത്ത തിരിച്ചടിയായത്. മഴ തുടരുന്നതും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതും സഞ്ചാരികള്‍ കേരളത്തിലെത്താന്‍ ഭയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. മൂന്നാറിലും വയനാട്ടിലും ആലപ്പുഴയിലും കുമരകത്തും ഒന്നിച്ചുള്ള പാക്കേജ് ബുക്കിങ്ങുപോലും വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്. കെ.ടി.ഡി.സിക്കും വന്‍നഷ്ടം നേരിട്ടിട്ടുണ്ട്. നൂറുകണക്കിന് മുറികളുടെ ബുക്കിങ്ങും റദ്ദായി. റിസോര്‍ട്ടുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കുമാണ് തിരിച്ചടിയേറെ. കുമരകത്തും ആലപ്പുഴയിലും കുട്ടനാട്ടിലും ഹൗസ് ബോട്ടുകളുടെ ബുക്കിങ് കൂട്ടത്തോടെ റദ്ദായെന്ന് ഹൗസ് ബോട്ട് ഉടമകളുടെ സംഘടന ചൂണ്ടിക്കാട്ടി. ഒരാഴ്ചയായി ഹൗസ് ബോട്ടുകള്‍ നിശ്ചലമാണ്.
ട്രെയിന്‍ സര്‍വിസ് റദ്ദാക്കിയതും വിമാന സര്‍വിസുകള്‍ നിര്‍ത്തിയതും തിരിച്ചടിയായി. വിമാനടിക്കറ്റുകളും ട്രെയിന്‍ റിസര്‍വേഷനും കൂട്ടത്തോടെ റദ്ദാക്കപ്പെട്ടിട്ടുമുണ്ട്. റദ്ദാക്കിയ ഓര്‍ഡറുകള്‍ വീണ്ടും ലഭിക്കുക ബുദ്ധിമുട്ടാണെന്നും ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. ദേവികുളംമൂന്നാര്‍, കുമളി, തേക്കടി, രാമക്കല്‍മേട്, കുമരകംകുട്ടനാട്, ആലപ്പുഴയടക്കം ടൂറിസം കേന്ദ്രങ്ങളില്‍ സാധാരണ കച്ചവടക്കാരും ദുരിതത്തിലാണ്. ഹോട്ടലുകളില്‍ കച്ചവടം ഗണ്യമായി കുറഞ്ഞു. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓട്ടം ഇല്ലാതായി. യു.പിയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും കശ്മീരിലുമടക്കം നിലനില്‍ക്കുന്ന അസ്വാസ്ഥ്യങ്ങള്‍ കേരള ടൂറിസത്തിനു ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES