തൊട്ടതെല്ലാം പൊന്നാക്കിയ കുട്ടി സംരംഭകന്‍

തൊട്ടതെല്ലാം പൊന്നാക്കിയ കുട്ടി സംരംഭകന്‍

 

സംസ്ഥാനത്ത് ഏറ്റവും പ്രായംകുറഞ്ഞ സംരംഭകന്‍ ഒരു പക്ഷെ ഈ പതിനെട്ടുകാരനാവാം… ടിപ്പു യൂസഫലി. 35 പേര്‍ക്ക് ഉപജീവനം മാര്‍ഗം നല്‍കുന്ന സംരംഭത്തിന്റെ ഉടമയാണ് ഇന്ന് ഈ കൗമാരക്കാരന്‍. ഒരുപക്ഷെ സംസ്ഥാനത്തു തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകന്‍.
മലപ്പുറത്തെ കാവന്നൂര്‍ എന്ന ഗ്രാമത്തിലെ കൊണ്ടോടത്ത് ഗ്ലോബല്‍ ഹോം കെയര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഡിറ്റര്‍ജന്റുകളും വാഷിംഗ് സോപ്പുകളുമാണ് ടിപ്പു വിപണിയില്‍ എത്തിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ ടിപ്പുവിന്റെ മനസു നിറയെ ബിസിനസായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിതാവ് കൊണ്ടോടത്ത് അബ്ദുല്‍ ജലീല്‍ മകന്റെ അഭിനിവേശം കണ്ട് സംരംഭം തുടങ്ങാനുള്ള പണം നല്‍കുകയായിരുന്നു. 2015 മെയ് 30നായിരുന്നു തുടക്കം. കൊണ്ടോടത്ത് ഗ്ലോബല്‍ ഹോം കെയര്‍ എന്ന പേരില്‍ മലപ്പുറം കാവന്നൂരില്‍ വീടിനടുത്തുള്ള രണ്ടേക്കര്‍ പ്ലോട്ടില്‍ ഫാക്റ്ററി നിര്‍മിച്ച്, വാഷിംഗ് പൗഡര്‍ ഉല്‍പ്പാദിച്ചാണ് ടിപ്പു എന്ന സംരംഭകന്റെ തുടക്കം.
മിസ്റ്റര്‍ ലൈറ്റ്, മിസ്റ്റര്‍ പ്ലസ് എന്നിങ്ങനെ രണ്ടു ബ്രാന്റിലായാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചത്. പിന്നീട് ബാര്‍ സോപ്പുകളും ഗ്ലോബല്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങി. 2017ല്‍ ടിപ്പു എന്ന ബ്രാന്റ്‌നാമവും ഗ്ലോബലിന്റെ ഭാഗമായി. വാഷിംഗ് പൗഡറിലെന്ന പോലെ മിസ്റ്റര്‍ ലൈറ്റ്, ടിപ്പു എന്നീ പേരുകളില്‍ ബാര്‍ സോപ്പുകളും രംഗത്തിറക്കി. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുണ്ട് വിപണി. ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കടകളില്‍ എത്തിക്കുന്നതിനായി ഏഴ് വാഹനങ്ങളും ഗ്ലോബലിന്റേതായുണ്ട്. രണ്ടു ജീവനക്കാരുമായി തുടങ്ങിയ സംരംഭത്തില്‍ ഇന്ന് 35 പേര്‍ ജോലി ചെയ്യുന്നു. 12,000 ചതുരശ്രയടി വിസ്്തൃതിയുള്ള ഫാക്റ്ററിയില്‍ ഒരു ദിവസം ആറു ടണ്‍ ഡിറ്റര്‍ജന്റാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
ബിസിനസില്‍ മികവ് പുലര്‍ത്താന്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവില്‍ എംബിഎ കോഴ്‌സിനായി ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ടിപ്പുവിപ്പോള്‍. ബിസിനസില്‍ ഒരു സിസ്റ്റം കൊണ്ടുവന്ന ശേഷം മാറി നിന്നാലും വലിയ പ്രശ്‌നമില്ലെന്നാണ് ടിപ്പുവിന്റെ പക്ഷം.
ടോയ്‌ലറ്റ് സോപ്പ്, മിനറല്‍ വാട്ടര്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ബേബീ ഡയ്പര്‍, ലേഡീസ് സാനറ്ററി പാഡ് തുടങ്ങിയവ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്. ടിപ്പു എന്ന ബ്രാന്‍ഡ് നാമത്തിലാവും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുക. തങ്ങളുടെ ഉല്‍പ്പന്നങ്ങളെ ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ഒരു ബ്രാന്റാക്കി മാറ്റാനാണ് ഈ യുവാവിന്റെ ശ്രമം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8943547074

Post Your Comments Here ( Click here for malayalam )
Press Esc to close