‘ദി മെസേജി’ന് സൗദിയില്‍ പ്രദര്‍ശനാനുമതി

‘ദി മെസേജി’ന് സൗദിയില്‍ പ്രദര്‍ശനാനുമതി

അളക ഖാനം
ജിദ്ദ: മുസ്തഫ അക്കാദിന്റെ ലോകപ്രശസ്ത സിനിമ ‘ദി മെസേജി’ന് സൗദിയില്‍ പ്രദര്‍ശനാനുമതി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം പറയുന്ന ഈ ചലച്ചിത്ര കാവ്യം റിലീസ് ചെയ്ത് നാലുപതിറ്റാണ്ടിന് ശേഷമാണ് സൗദിയിലെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ കമീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയുടെ പ്രത്യേക സ്‌ക്രീനിംഗിന് ശേഷമാണ് അനുമതി നല്‍കിയത്. ഈദുല്‍ ഫിത്വ്ര്! ദിവസം തലസ്ഥാനത്തെ റിയാദ് പാര്‍ക്കിലുള്ള വോക്‌സ് സിനിമാസ് തിയറ്ററിലാകും ആദ്യ പ്രദര്‍ശനം. ഇതിനൊപ്പം സിനിമയുടെ റീ റിലീസ് മേഖലയിലാകെ നടക്കും. സൗദിയിലെ ആദ്യ തിയറ്ററുകളിലൊന്നായ വോക്‌സില്‍ നിലവില്‍ രജനീകാന്ത് ചിത്രമായ ‘കാല’ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് വരികയാണ്.
1976 ല്‍ റിലീസ് ചെയ്യുമ്പോള്‍ വന്‍ വിവാദം സൃഷ്ടിച്ച സിനിമക്ക് അനുകൂലമായും പ്രതികൂലമായും വലിയ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. പ്രവാചക ജീവിതവും ഇസ്‌ലാമിന്റെ തുടക്കകാലവും പരാമര്‍ശിക്കുന്ന ചിത്രത്തില്‍ പ്രവാചകന്റെ രൂപമോ ശബ്ദമോ വരുന്നില്ല. പ്രവാചകന്റെ അടുത്ത അനുചരനും ബന്ധുവുമായ ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ വേഷത്തില്‍ ഹോളിവുഡ് താരം ആന്റണി ക്വിന്‍ ആണ് എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നായിരുന്നു അത്. പ്രവാചകന്റെ ദത്തുപുത്രനായ സെയ്ദ് ആയി ബ്രിട്ടീഷ് നടന്‍ ഡാമിയന്‍ തോമസും വേഷമിട്ടു. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് ബിന്‍ത് ഉത്ബയായി എത്തിയത് ഗ്രീക്ക് ഗായികയും അഭിനേത്രിയുമായ ഐറീന്‍ പാപാസാണ്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സിനിമയുടെ പ്രിന്റ് പുനരുദ്ധരിക്കാനുള്ള ശ്രമത്തിലായിരുന്നു മുസ്തഫ അക്കാദിന്റെ മകന്‍ മാലിക് അല്‍അക്കാദ്. വര്‍ഷങ്ങള്‍ നീണ്ട കഠിന യത്‌നത്തിലൂടെ പുതുഛായ നല്‍കിയ ചിത്രമാണ് വീണ്ടും റിലീസിനൊരുങ്ങുന്നത്. മാലിക്കിന്റെ ട്രാന്‍കാസ് ഇന്റര്‍നാഷനലും ദുബൈ ആസ്ഥാനമായ വിതരണ കമ്പനി ഫ്രണ്ട് റോ ഫിലിം എന്റര്‍ടൈന്‍മെന്റും സഹകരിച്ചാണ് ചിത്രത്തിന്റെ റീ റിലീസ് സാധ്യമാക്കിയത്.
സിറിയയിലെ അലെപ്പോയില്‍ 1930 ല്‍ ജനിച്ച മുസ്തഫ അക്കാദിന്റെ മാസ്റ്റര്‍പീസാണ് ‘ദി മെസേജ്’. മൊറോക്കോയിലും ലിബിയയിലും വെച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലിബിയന്‍ പോരാളി ഉമര്‍ മുഖ്താറിന്റെ കഥ പറയുന്ന ‘ലയണ്‍ ഓഫ് ദ ഡെസര്‍ട്ട്’ ആണ് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ ചിത്രം. ഇസ്‌ലാമിക ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളിലൊന്നായ സലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ച് ഷോണ്‍ കോണറിയെ നായകനാക്കി ബിഗ് ബജറ്റ് സിനിമക്കുള്ള ഒരുക്കത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2005 നവംബര്‍ ഒമ്പതിന് ജോര്‍ഡനിലെ അമ്മാന്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മുസ്തഫ അക്കാദും മകള്‍ റിമയും കൊല്ലപ്പെട്ടു.

 

Post Your Comments Here ( Click here for malayalam )
Press Esc to close