സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്

സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്

വിഷ്ണു പ്രതാപ്
സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ക്കെതിരെ നിയമ നടപടിയുമായി ബോളിവുഡ് താരം സഞ്ജയ് ദത്ത്. രേഖ, രാജേഷ് ഖന്ന എന്നിവരുടെ ആത്മകഥ എഴുതിയ യാസെര്‍ ഉസ്മാനാണ് പുസ്തകം എഴുതിയിരിക്കുന്നത്. എന്നാല്‍ താന്‍ ഏതെങ്കിലും വ്യക്തിയേയോ പ്രസാധകരെയോ ആത്മകഥ എഴുതാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
ആധികാരികമായ ഉറവിടത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പുസ്തകത്തിന്റെ പ്രസാധകരായ ജഗര്‍നോട്ട് പബല്‍ക്കേഷന്‍സ് താനയച്ച നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. തന്റെ തന്നെ പഴയ അഭിമുഖങ്ങളില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമാണ് പല വിവരങ്ങളും ശേഖരിച്ചിരിക്കുന്നത്. എന്നാല്‍ പുസ്തകത്തിലെ ഉള്ളടക്കത്തിനുവേണ്ടി ആശ്രയിച്ചിരിക്കുന്നത് കൂടുതലും 90കളിലെ ടാബ്‌ളോയ്ഡുകളിലും ഗോസിപ്പ് കോളങ്ങളിലും വന്ന വാര്‍ത്തകളാണ്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണവ. യാസെര്‍ ഉസ്മാനെതിരെ എന്തു നിയമ നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നത് നിയമവിദഗ്ധര്‍ നല്‍കുന്ന ഉപദേശമനുസരിച്ചായിരിക്കുമെന്നും സഞ്ജയ് ദത്ത് ട്വീറ്റില്‍ പറയുന്നു.
90കളില്‍ ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന മാധുരി ദീക്ഷിതുമായി സഞ്ജയ് ദത്ത് പ്രണയത്തിലായിരുന്നുവെന്നും ഇതാണ് ഭാര്യ റിച്ചയുമായുള്ള അകല്‍ച്ചക്ക് കാരണമെന്നും വിശദീകരിക്കുന്ന അഭിമുഖം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് സഞ്ജയ് ദത്തിനെ പ്രകോപിപ്പിച്ചത്.
ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യയിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുമ്പോള്‍ കാന്‍സര്‍ ബാധിതയായി വിദേശത്ത് ചികിത്സയിലായിരുന്നു സഞ്ജയിന്റെ ഭാര്യ റിച്ച ശര്‍മ. വാര്‍ത്തകളില്‍ മനം നൊന്ത് ഡോക്ടര്‍മാരുടെ അനുമതിയോടെ ഇന്ത്യയിലെത്തിയ ഭാര്യയെയും മകളെയും സ്വീകരിക്കാന്‍ പോലും സഞ്ജയ് എത്തിയില്ലെന്നും റിച്ചയുടെ സഹോദരി പറയുന്നു. സഞ്ജയുമായി ഒരുമിച്ച് ജീവിക്കാന്‍ ഇന്ത്യയിലെത്തിയ റിച്ച അതിന് സാധിക്കാതെ വന്നപ്പോള്‍ ന്യൂയോര്‍ക്കിലേക്ക് തന്നെ തിരിച്ചുപോയി. പിന്നീട് സഞ്ജയ് വിവാഹമോചനത്തിന് കേസും ഫയല്‍ ചെയ്തു. ഇത് റിച്ചയെ മാനസികമായി തളര്‍ത്തി. തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും 1996ല്‍ മരിക്കുകയുമായിരുന്നു എന്ന് സഹോദരി വെളിപ്പെടുത്തുന്നു. പുസ്തകത്തിലെ ഇത്തരം വിവരങ്ങളാണ് സഞ്ജയ് ദത്തിനെ നിയമ നടപടികള്‍ക്ക് മുതിരാന്‍ പ്രേരിപ്പിച്ചത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES