വിസ്മയ തീരത്തിന് ചിലത് പറയാനുണ്ട്…

വിസ്മയ തീരത്തിന് ചിലത് പറയാനുണ്ട്…

ഗായത്രി
ഒരു തീരദേശ പട്ടണമാണ് തലശ്ശേരി… ശ്വേതാരണ്യപുരി എന്ന് പ്രാചീന നാമമുള്ള ഈ നഗരം വിദേശികളെ എന്നും വിസ്മയിപ്പിച്ചിരുന്നു. അങ്ങിനെയാണ് തലശ്ശേരിക്ക് വിസ്മയ തീരം എന്ന് പേര് ലഭിച്ചത്. ഗുണ്ടര്‍ട്ടിന്റെ പിന്‍ഗാമിമാരില്‍ ഒരാളായ ജോണ്‍ ബ്രാര്‍ ആണ് തലശ്ശരിക്ക് വിസ്മയതീരം എന്ന് പേര് നല്‍കിയതെന്നാണ് വിശ്വസിച്ചു പോരുന്നത്.
മൂന്ന് ‘സി’യുടെ നാടാണ് തലശേരി എന്നാണ് അറിയപ്പെടുന്നത്. ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ് എന്നിവക്ക് പേരുകേട്ട നഗരം. എന്നാല്‍ ഇതില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്ന പ്രദേശമല്ല ഇവിടം. കണ്ണൂര്‍ ജില്ലാ തലസ്ഥാനത്ത് നിന്നും 21 കി.മീ അകലെയാണ് തലശേരി. നാലു നദികളും മലനിരകളും ഒരു നീണ്ട കടല്‍ത്തീരവും തലശേരിയെ അലങ്കരിക്കുന്നു. തലശേരിക്കോട്ട, മുഴപ്പിലങ്ങാട് ബീച്ച്, ഓവര്‍ബറിസ് ഫോളി, ധര്‍മ്മടം തുരുത്ത്, ഗുണ്ടര്‍ട്ട് ബംഗ്ലാവ് എന്നിവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍.
അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് തലശേരിക്കോട്ട. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാര്‍ തീരത്ത് തങ്ങളുടെ സൈനിക ശക്തി പ്രബലമാക്കുന്നതിനായി 1705ല്‍ സ്ഥാപിച്ചതാണ് ഈ കോട്ട. ഭീമാകാരമായ മതിലുകളും കടലിലേക്കുള്ള രഹസ്യ അറകളുമുള്ള തലശ്ശേരി കോട്ട ഒരു കാഴ്ച തന്നെയാണ്. കോട്ടക്ക് സമീപമുള്ള സെന്റ് ജോണ്‍സ് പള്ളിയും അരെയും ആകര്‍ഷിക്കും. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി ഇംഗ്ലീഷുകാരനായ എഡ്വേഡ് ബ്രണ്ണന്‍ എന്ന സായ്പാണ് നിര്‍മിച്ചത്.
മുഴപ്പിലങ്ങാട് കടല്‍ത്തീരമാണ് മറ്റൊരു കാഴ്ച. 5 കിലോമീറ്റര്‍ നീണ്ട സുന്ദരമായ കടല്‍ത്തീരം. കണ്ണൂരിനും തലശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതി ചെയ്യുന്നത്. കരിമ്പാറകള്‍ ഈ കടല്‍ത്തീരത്തിന് അതിര്‍ത്തി നിര്‍മ്മിക്കുന്നു. കേരളത്തില്‍ വാഹനങ്ങള്‍ ഓടിക്കാവുന്ന ഏക ബീച്ചും ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചുമാണിത്.
തലശേരിയിലെ ബ്രിട്ടീഷ് ജഡ്ജിയായ ഇ.എന്‍. ഓവര്‍ബറി നിര്‍മ്മിച്ച ഓവര്‍ബറിസ് ഫോളിയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രമായ രാജ്യസമാചാരം തലശേരിയില്‍ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. രാജ്യസമാചാരം പ്രസിദ്ധീകരിച്ചിരുന്നു തലശേരിയിലെ ഇല്ലിക്കുന്നില്‍ ഇന്ന് നിലനില്‍ക്കുന്ന ഗുണ്ടര്‍ട്ട് ബംഗ്ലാവും ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്.
തലശ്ശേരി കടപ്പുറത്ത് നിന്നും ഏകദേശം 200 മീറ്റര്‍ അകലെ കടലില്‍ കാണുന്നതാണ് സുന്ദരമായ ധര്‍മ്മടം തുരുത്ത്. ഇത് ഒരു പ്രകൃതി രമണീയ മായ തുരുത്താണ്. മനോഹരമായ കടല്‍ക്കാഴ്ചയാണ് ഇവിടത്തെ പ്രത്യേകത. വേലിയിറക്ക സമയത്ത് തിരമുറിച്ച് ഇവിടെ എത്തിച്ചേരാം.
സംസ്ഥാന സര്‍ക്കാറിന്റെ പൈതൃക നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലശ്ശേരിയിലെ വിനോദന സഞ്ചാര കേന്ദ്രങ്ങള്‍ പുനരുദ്ധരിക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗമിച്ചിട്ടില്ല. എങ്കിലും വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകള്‍ ഈ വിസ്മയതീരം തേടി ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close