ടാറ്റയുടെ കണ്‍സ്യൂമര്‍ ടെലികോം ഭാരതി എയര്‍ടെല്‍ ഏറ്റെടുക്കും

ടാറ്റയുടെ കണ്‍സ്യൂമര്‍ ടെലികോം ഭാരതി എയര്‍ടെല്‍ ഏറ്റെടുക്കും

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ നഷ്ടത്തിലുള്ള കണ്‍സ്യൂമര്‍ ടെലികോം ബിസിനസിനെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഏറ്റെടുക്കും. അഞ്ചു വര്‍ഷത്തിനിടെ എയര്‍ടെല്‍ നടത്തുന്ന ഏഴാമത്തെ ഏറ്റെടുക്കലാണ് ഇത്.
ടാറ്റ ഗ്രൂപ്പില്‍ നിന്ന് ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡ്, ടാറ്റ ടെലി സര്‍വീസസ് മഹാരാഷ്ട്ര ലിമിറ്റഡ് എന്നീ കമ്പനികളെയാണ് എയര്‍ടെല്‍ ഏറ്റെടുക്കുന്നത്. 19 ടെലികോം സര്‍ക്കിളുകളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്.
ഏറെക്കുറെ സൗജന്യമായാണ് ടാറ്റയുടെ ടെലികോം ബിസിനസ് എയര്‍ടെല്‍ ഏറ്റെടുക്കുന്നത്. ടാറ്റ ടെലിയുടെ 31,000 കോടി രൂപയുടെ കടബാധ്യത ടാറ്റ ഗ്രൂപ്പ് തന്നെ തുടര്‍ന്നും വഹിക്കും. അതേസമയം, ടെലികോം സ്‌പെക്ട്രത്തിന് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കാനുള്ള 9,00010,000 കോടി രൂപയില്‍ 20 ശതമാനം എയര്‍ടെല്‍ നല്‍കും.
നവംബര്‍ ഒന്നോടെ ടാറ്റയുടെ നാലു കോടിയിലേറെ വരുന്ന വരിക്കാരെ എയര്‍ടെല്‍ ഏറ്റെടുക്കും. അതോടെ ടാറ്റ ടെലി സര്‍വീസസ് സംരംഭങ്ങള്‍ എയര്‍ടെല്ലില്‍ ലയിപ്പിക്കുകയും ചെയ്യും. ടാറ്റ ഗ്രൂപ്പിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉപയോഗിക്കാനുള്ള അവകാശവും ഭാരതി എയര്‍ടെല്ലിന് ലഭിക്കും.
വരിക്കാരുടെ എണ്ണം ഉയര്‍ത്താനും സ്‌പെക്ട്രം ശക്തിപ്പെടുത്താനും കഴിയുമെന്നതാണ് ഏറ്റെടുക്കലിലൂടെ എയര്‍ടെല്ലിനുള്ള നേട്ടം. പൂട്ടുന്നതിനെക്കാള്‍ നല്ല നിലയില്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാമെന്നതാണ് ഇടപാടിലൂടെ ടാറ്റ ഗ്രൂപ്പിനുള്ള നേട്ടം.

Post Your Comments Here ( Click here for malayalam )
Press Esc to close