അളക ഖാനം-
ന്യൂയോര്‍ക്ക്: ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിലൂടെ അണ്ഡാശയ കാന്‍സര്‍ വന്നുവെന്ന് ആരോപിച്ച് നല്‍കിയ കേസില്‍ അമേരിക്ക ആസ്ഥാനമായ ആഗോള കുത്തക കമ്പനി ജോണ്‍സണ്‍ ആന്റ്് ജോണ്‍സണ്‍ 32,169 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്. കോടതി ഉത്തരവ്. 22 സ്ത്രീകള്‍ നല്‍കിയ കേസില്‍ ആറാഴ്ചത്തെ വിചാരണക്കുശേഷം മിസൗറി കോടതിയാണ് സുപ്രധാന ഉത്തരവിട്ടത്.
കമ്പനിയില്‍നിന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുക ഈടാക്കുന്ന കേസാണിത്. ബേബി പൗഡറില്‍ കണ്ടെത്തിയ ആസ്ബസ്‌റ്റോസ് കാന്‍സറിന് കാരണമായെന്നായിരുന്നു പരാതിക്കാരുടെ വാദം.
ഇത് ശരിവെച്ച കോടതി ആദ്യം 3800 കോടി രൂപ (550 ദശലക്ഷം ഡോളര്‍) നഷ്ടപരിഹാരമായും പിന്നീട് 28,100 കോടി രൂപ (4.1ശതകോടി ഡോളര്‍) ശിക്ഷാ നടപടിയുടെ ഭാഗമായും പരാതിക്കാര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടു. ദീര്‍ഘകാലം ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിലൂടെ അതിലെ ആസ്ബസ്‌റ്റോസ് തരികള്‍ ശരീരത്തില്‍ കടന്ന് കാന്‍സറിന് കാരണമായെന്നും 22 പരാതിക്കാരില്‍ ആറുപേര്‍ ഇതിനകം മരിച്ചതായും ഹരജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
പൗഡറില്‍ അപകടകരമായ രാസസാന്നിധ്യം ഉണ്ടെന്ന് 1970കള്‍ മുതല്‍ അറിയാമായിരുന്നിട്ടും കമ്പനി ഇതേപ്പറ്റി ഉപഭോക്താക്കള്‍ക്ക് നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും അഭിഭാഷകര്‍ ബോധിപ്പിച്ചു. എന്നാല്‍, കോടതി ഉത്തരവ് നീതിയുക്തമല്ലെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പ്രതികരിച്ചു. പൗഡറില്‍ ആസ്ബസ്‌റ്റോസ് ഉണ്ടെന്ന വാദം തള്ളിയ കമ്പനി തങ്ങളുടെ ഉല്‍പന്നം സുരക്ഷിതമാണെന്നും അവകാശപ്പെട്ടു.
ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിനെതിരെ വിവിധ രാജ്യങ്ങളിലായി 9000ത്തോളം കേസുകള്‍ തുടരുന്നുണ്ട്. ഇതില്‍ കൂടുതലും പൗഡര്‍ അണ്ഡാശയ കാന്‍സറിന് കാരണമായി എന്ന ആരോപണമുള്ളവയാണ്.