ബിന്ദു പ്രതാപ്
അനാദിയായ കാലത്തിന്റെ ഗതിവിഗതികളില്‍ സ്ത്രീത്വം ഇന്നും അതിന്റെ അസ്തിത്വം ഉറപ്പിക്കുന്നതിനുള്ള യാത്രയില്‍ തന്നെയാണ്. ആധുനിക വ്യവസ്ഥിതികളില്‍ സ്ത്രീസമത്വവും സ്ത്രീ സ്വാതന്ത്രവും ഏറെ ഉദ്‌ഘോഷിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീ ഇന്നും ചൂഷണത്തിന്റെ കയ്പുനീര്‍ നുകര്‍ന്നു കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇന്നും സ്ത്രീ അബലയായി തന്നെ വിവക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
‘കരിമഷി’ ഒരു അലങ്കാരമല്ല, മറിച്ച്, നോവേറ്റ പെണ്‍ മനസ്സിന്റെ ജീവസറ്റ മിഴികളില്‍ തേച്ചു പിടിപ്പിച്ച കരിഞ്ഞു തീര്‍ന്ന സ്വപ്‌നങ്ങളുടെ പ്രതിഫലനമാണ്. മൂല്യ ശോഷണം സംഭവിച്ച ഒരു സമൂഹത്തില്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ മുഖങ്ങളുടെ ഒരു നേര്‍ കാഴ്ചയാകുന്നു സുനിത ഗണേഷിന്റെ ‘കരിമഷി’ എന്ന നോവല്‍. അബലയാക്കപ്പെടുന്ന സ്ത്രീത്വത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പാടുപെടുന്ന ചില ഒറ്റപ്പെട്ട സ്ത്രീ മുഖങ്ങളുടെയും കാഴ്ചകളുടെ നേരെ പിടിച്ച ദര്‍പ്പണമാകുന്നു ‘കരിമഷി’.
സഹനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ ദക്ഷിണ എന്ന പെണ്‍കുട്ടി.. പ്രണയത്തിനും വിശ്വാസത്തിനും ഏറ്റ തിരിച്ചടിയിലും അനീതിക്കും ചൂഷണത്തിനും എതിരെയുള്ള പോരാട്ടത്തില്‍ ലക്ഷ്യത്തിലേക്കവള്‍ തന്റെ ഫീനിക്‌സ് ചിറകുകള്‍ കുടഞ്ഞുയരുന്നു.പെണ്ണിനെ ഒരു ഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിനെതിരെ അക്ഷരമെന്ന സമരാഗ്‌നി പടര്‍ത്തി ഉള്‍ക്കരുത്തുള്ള സ്ത്രീ യുടെ പ്രതീകമാകുന്നു. ദക്ഷിണ. അതിജീവനത്തിന്റെ വഴികള്‍ സഹനത്തിന്റെ മുള്‍പ്പാതകള്‍ ആയിരുന്നെങ്കിലും പ്രതീക്ഷകളുടെ ഇത്തിരി വെളിച്ചത്തില്‍ പതറാതെ ജീവിതം പടുത്തുയര്‍ത്തിയ സുഹാസിനി അഥവാ പിയൂഷ്. തണല്‍ ആഗ്രഹിച്ചു താണ്ടിയ വഴികളെല്ലാം തീഷ്ണമായ കനല്‍പ്പാതകളുടെ വെയിലുരുക്കങ്ങള്‍ ആയിട്ടും അവള്‍ പിടിച്ചു നിന്നതു ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തന്നെയായിരുന്നു. നിഷ്‌കളങ്കയായ ഗ്രാമീണ പെണ്‍കൊടിയില്‍ നിന്നും മുംബൈ യിലെ ആധുനിക ജീവിതത്തിലേക്ക് അവളെ കൊണ്ടെത്തിച്ചതും ജീവിതം പഠിപ്പിച്ച ചെറുത്തു നില്‍പ്പിന്റെ പാഠം തന്നെയായിരുന്നു.അനുകൂലമായ ജീവിത സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പാതിവഴിയില്‍ ജീവിതം നഷ്ടപ്പെടേണ്ടിവന്ന സ്മൃതിയും സ്ത്രീയുടെ ദൗര്‍ബല്യങ്ങളുടെ ചൂഷണത്തിന്റെ ഇര തന്നെയായിരുന്നു. ബാഹ്യസൗന്ദര്യത്തിലും ആര്‍ഭാടത്തിലും മതി മറന്നിരുന്ന സുചേതയുടെ ജീവിതവീക്ഷണത്തിലുള്ള മനം മാറ്റം തീര്‍ച്ചയായും ഭര്‍ത്താവു മുകേഷ് കുല്‍ക്കര്‍ണിയുടെ ക്ഷമയും ഉറച്ച വിശ്വാസവും തന്നെയായിരുന്നു.
പണത്തിന്റെയും അധികാരത്തിന്റെയും ആര്‍ത്തിയില്‍ ജീവിതത്തിലെ മൂല്യങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തിയ ചെറി ഫിലിപ്പ് പുതു തലമുറയുടെ ഒരു പ്രതിനിധി തന്നെയാണ്.ആരോടും ഒന്നിനോടും പ്രതിബദ്ധതയില്ലാതെ സമ്പത്തിന്റെ പുറകെ മാത്രം ഓടി വിജയങ്ങള്‍ വെട്ടിപ്പിടിച്ച ചെറിയുടെ ജിവിതാന്ത്യം അനേകംനിസ്സഹായമനസ്സുകളുതിര്‍ത്ത ശാപ വചസ്സുകളുടെ അനിവാര്യതയായിരിക്കാം. ആധുനിക ജീവിതത്തിലെ സുഖലോലുപതയുടെ ഒരേടാണ് ആദിത്യ ശുക്ലയുടെ ജീവിതം കാണിച്ചു തരുന്നത്. ജീര്‍ണിച്ച സാമൂഹ്യ പശ്ചാത്തലങ്ങളുടെ നേര്‍ചിത്രമായ പരീനിയ കോളനിയും ചുട്ടുപൊള്ളുന്ന ജീവിത അനുഭവങ്ങളുടെ അഗ്‌നിപര്‍വതമായി എരിയുന്ന സികന്ദറും രാംസേഠും ഇനിയും ചിന്തിപ്പിക്കുന്ന കാഴ്ച്ചകള്‍ തന്നെയാണ്.
ശക്തമായ ഭാഷയും പെണ്ണെഴുത്ത് എന്ന് തള്ളിക്കളയാനാവാത്ത വിധം തുറന്ന ആഖ്യാനശൈലിയും സുനിത ഗണേഷിന്റെ രചനയെ വേറിട്ടതാക്കുന്നു.വ്യത്യസ്തങ്ങളായ കഥ സന്ദര്‍ഭങ്ങളും ഒഴുക്കുള്ള അവതരണ ശൈലിയും കരിമഷിയെ മികച്ച രചനയാക്കുന്നു. ഹരിതം ബക്‌സാണ് കരിമഷി പ്രസിദ്ധീകരിച്ചിരിക്കുന്നത്.