തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: തനിക്ക് വോട്ടുചെയ്ത മാണ്ഡ്യയിലെ മുസ്‌ലിംസമുദായത്തെ മറക്കാനാവില്ലെന്നും വിജയത്തില്‍ അവരുടെ വോട്ടുകള്‍ നിര്‍ണായകമായിരുന്നുവെന്നും തെന്നിന്ത്യന്‍ നടി സുമലത. മാണ്ഡ്യയിലെ മുസ്‌ലിം വോട്ടര്‍മാരുടെ വികാരം മാനിച്ച് താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും സുമലത കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചിട്ടും വിമതയായി മത്സരിച്ച് ബി.ജെ.പി പിന്തുണയോടെ ജയിച്ച സുമലത, 17ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിനെത്തിയപ്പോഴാണ് മനസ്സ് തുറന്നത്.
മുസ്‌ലിം ജനവിഭാഗത്തിന്റെ വോട്ടുകൊണ്ടു കൂടിയാണ് താന്‍ ജയിച്ചതെന്നും അതിനാല്‍ എടുത്തുചാടി ഒരു തീരുമാനമെടുക്കില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം സഭയില്‍ ബി.ജെ.പിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് അവരുടെ പിന്തുണയില്‍ എം.പിയായിവന്ന സുമലത വ്യക്തമായ മറുപടി നല്‍കിയില്ല. സ്വതന്ത്രയായിത്തന്നെ താന്‍ സഭയില്‍ തുടരുമെന്ന് സുമലത പറഞ്ഞു.
മലയാള സിനിമയിലെ അഭിനയ കാലം ഗൃഹാതുരതയോടെയാണ് ഓര്‍ക്കുന്നതെന്ന്, ‘തൂവാനത്തുമ്പി’കളിലെ ക്ലാരയായി മലയാള സിനിമ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന സുമലത തുടര്‍ന്നു. പത്മരാജനെ പോലുള്ള വലിയ സംവിധായകരുടെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നത്.
ക്ലാരയെന്ന കഥാപാത്രത്തെ മലയാളികള്‍ മറന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, വേറെയും കഥാപാത്രങ്ങളുണ്ടല്ലോ എന്ന് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി സിനിമകളില്‍ നായികയായിരുന്ന സുമലത പ്രതികരിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close