രാജ്യത്തിന്റെ പുരോഗതിക്ക് യുവ സംരംഭകരെ വളര്‍ത്തിയെടുക്കണം: മുഖ്യമന്ത്രി

രാജ്യത്തിന്റെ പുരോഗതിക്ക് യുവ സംരംഭകരെ വളര്‍ത്തിയെടുക്കണം: മുഖ്യമന്ത്രി

ഗായത്രി
കൊച്ചി: രാജ്യത്തിന്റെ പുരോഗതിക്ക് യുവ സംരംഭകരെ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതു കൊണ്ട് തന്നെ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സംരംഭകരുടെ സ്റ്റാര്‍ട്ട് അപ് ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുവതയുടെ കര്‍മശേഷിക്ക് അതിരില്ലെന്ന് തെളിയിക്കുന്നതാണ് ഇവിടത്തെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച. യുവതയുടെ പരിധിക്ക് അതിരില്ല. ആകാശം വരെയാണ് പരിധി. സര്‍ക്കാര്‍ എല്ലാത്തിനും ഒപ്പം ഉണ്ടാകും. സ്റ്റാര്‍ട്ട് അപ് മേഖലയില്‍ നമ്മുടെ നാടിന്റെ കര്‍മശേഷി വിളിച്ചോതുന്ന നിരവധി മാതൃകകള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങളും നമ്മുടെ യുവജനത ചെയ്യുമെന്ന് തനിക്കുറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോജി എം. ജോണ്‍ എം.എല്‍.എയും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും ഊര്‍ജസ്വലമായ സ്റ്റാര്‍ട്ട് അപ് മാതൃകയാണ് കേരളത്തില്‍ കാണുന്നതെന്നും ഇത് രാജ്യമാകെ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജ് പറഞ്ഞു. മൂവായിരത്തോളം സംരംഭകരും വിദ്യാര്‍ഥികളും മേളയില്‍ പങ്കെടുത്തു.
പത്തനാപുരം പോലുള്ള ചെറിയ പട്ടണത്തില്‍ മികച്ച ഐ.ടി. സംരംഭം പടുത്തുയര്‍ത്തിയ വരുണ്‍ ചന്ദ്രന്‍, ദാരിദ്ര്യംനിറഞ്ഞ ബാല്യത്തില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ഉപകരണങ്ങളുടെ ഉത്പാദകനായ ജോണ്‍ കുര്യാക്കോസ്, ചക്ക ഉത്പങ്ങള്‍ ലോകത്താകമാനം എത്തിച്ച ജെയിംസ് ജോസഫ്, ചായ്പാനി എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപക ശ്രുതി ചതുര്‍വേദി എന്നിവര്‍ തങ്ങളുടെ അനുഭവ കഥ വിവരിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close