ട്രെയിനുകളില്‍ ഇനി വെളിച്ചവും കാറ്റും സൗരോര്‍ജം വഴി

ട്രെയിനുകളില്‍ ഇനി വെളിച്ചവും കാറ്റും സൗരോര്‍ജം വഴി

ട്രെയിനുകളില്‍ ഇനി ലൈറ്റും ഫാനും പ്രവര്‍ത്തിപ്പിക്കാന്‍ സൗരോര്‍ജ പാനലുകള്‍. ആദ്യ ഘട്ടത്തില്‍ 250 ട്രെയിനുകളിലാണ് പാനലുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ ബോഗികളുടെ ചക്രത്തോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ജനറേറ്ററുകള്‍ വഴിയാണ് ഊര്‍ജം ലഭ്യമാക്കുന്നത്. ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ ജനറേറ്ററുകളില്‍നിന്ന് നേരിട്ടും നിര്‍ത്തിയിടുന്ന അവസരങ്ങളില്‍ ജനറേറ്ററുകള്‍ക്ക് അനുബന്ധമായി ഘടിപ്പിച്ച ബാറ്ററികളില്‍നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. ജനറേറ്ററുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതു മൂലമാണ് കോച്ചുകള്‍ വേഗത്തില്‍ ചൂടാകുന്നത്. സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതോടെ ഈ സ്ഥിതി മാറുകയും യാത്ര കൂടുതല്‍ സുഗമമാവുകയും ചെയ്യുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ഏതെല്ലാം മേഖലകളില്‍ ഓടുന്ന ട്രെയിനുകളിലാണ് എന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെങ്കിലും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ബോഗികള്‍ക്ക് മുകളിലാണ് പാനലുകള്‍ ഘടിപ്പിക്കുക. അനുബന്ധ ഉപകരണങ്ങള്‍ ബോഗിക്കുള്ളിലും. 4.5 കിലോവാട്ട് ശേഷിയുള്ള യൂനിറ്റുകളാണ് സ്ഥാപിക്കുന്നത്. ഒപ്പം 110120 വോള്‍ട്ട് ശേഷിയുള്ള ലിതിയം ബാറ്ററി ബാങ്കും കോച്ചുകളില്‍ ക്രമീകരിക്കണം. ട്രെയിന്‍ നിര്‍ത്തിയിടുന്ന സമയങ്ങളില്‍ സുലഭമായി വൈദ്യുതി ലഭ്യതക്കുള്ള ക്രമീകരണവുമൊരുക്കും. 30 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിക്കായി റെയില്‍വേ നീക്കിവെക്കുന്നത്. 18 മാസത്തിനുള്ളില്‍ സൗരോര്‍ജ പാനലുകളുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് വിവരം. സൗരോര്‍ജ പാനലുകള്‍ ഉപയോഗിക്കുന്നതോടെ പ്രതിവര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവില്‍ 261 ടണ്ണോളം കുറവുവരുത്താനാകുമെന്നും കരുതുന്നു. അതേസമയം, പാനലുകള്‍ ഘടിപ്പിക്കുന്നതോടെ കോച്ചുകളുടെ ഭാരം വര്‍ധിക്കുകയും സഞ്ചാരത്തിനു കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുമെന്നതുമാണ് മറ്റൊരു വശം. ബദല്‍ ഊര്‍ജം കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള സംരംഭങ്ങള്‍ക്കും റെയില്‍വേ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. വൈദ്യുതിക്കൊപ്പം പ്രകൃതിവാതകവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എന്‍ജിനുകളാണ് ഇതിലൊന്ന്. ഡെമു സര്‍വിസുകളിലാണ് ഇത്തരം എന്‍ജിനുകള്‍ ആലോചിക്കുന്നത്. പ്രതിവര്‍ഷം 25,000 കോടിയോളം രൂപയാണ് റെയില്‍വേ വൈദ്യുതിക്കായി ചെലവഴിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close