സെറ്റ് ടോപ് ബോക്‌സ് മാറ്റാതെ കമ്പനിമാറാം

സെറ്റ് ടോപ് ബോക്‌സ് മാറ്റാതെ കമ്പനിമാറാം

ഫിദ-
ഡി.ടി.എച്ച്. ഉപഭോക്താക്കള്‍ മറ്റേതെങ്കിലും കമ്പനിയിലേക്കുമാറുമ്പോള്‍ ഇനി സെറ്റ് ടോപ് ബോക്‌സ് മാറ്റേണ്ടിവരില്ല. പുതിയ സാങ്കേതികവിദ്യയുള്ള സെറ്റ് ടോപ് ബോക്‌സ് ‘ട്രായ്’ പരീക്ഷിച്ചുവരുകയാണ്. അടുത്തവര്‍ഷം ആദ്യംതന്നെ ഇവ വിപണിയില്‍ ഇറക്കാനാണ് ആലോചന.
നിലവില്‍ ഡി.ടി.എച്ച്. കമ്പനികള്‍ മാറുമ്പോള്‍ ഉപഭോക്താക്കള്‍ സെറ്റ് ടോപ് ബോക്‌സും മാറ്റേണ്ടിവരുന്ന സാഹചര്യമാണ്. ബോക്‌സിനുള്ള പണത്തിനുപുറമേ ഇതുഘടിപ്പിക്കാനുള്ള പണവും കമ്പനികള്‍ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെറ്റ് ടോപ് ബോക്‌സ് മാറേണ്ടിവരുമല്ലോ എന്നാലോചിച്ച് പലരും ഡി.ടി.എച്ച്. കമ്പനി മാറാന്‍ തയ്യാറാകാറില്ല. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ഡി.ടി.എച്ച്. കമ്പനികള്‍ പാടുപെടും. നല്ല ഓഫറുകള്‍ തരുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കള്‍ മാറും.
കഴിഞ്ഞ ഒരുവര്‍ഷമായി ഇതിന്റെ നിര്‍മാണം നടക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇതിന്റെ പ്രവര്‍ത്തനം പരീക്ഷിക്കുകയാണ് ‘ട്രായ്’ അധികാരികള്‍. മൊബൈല്‍ ഫോണില്‍ സിം കാര്‍ഡ് മാറ്റുന്നതുപോലെ ഇനി ഡി.ടി.എച്ച്. കമ്പനികളുടെ ചിപ് കാര്‍ഡുകള്‍ ഈ സെറ്റ് ടോപ് ബോക്‌സില്‍ മാറിമാറി ഉപയോഗിക്കാന്‍കഴിയും. ടെലിവിഷന്‍ വാങ്ങുന്ന ഉപഭോക്താവിന് ഇത്തരത്തിലുള്ള സെറ്റ് ടോപ് ബോക്‌സും വാങ്ങാം. ഇഷ്ടമുള്ള ഡി.ടി.എച്ച്. കമ്പനി തിരഞ്ഞെടുക്കുകയുമാകാം. ഇതോടെ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഡി.ടി.എച്ച്. കമ്പനികളുടെ മത്സരവും വര്‍ധിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close