ഒരുവര്‍ഷം കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം സ്‌കൂള്‍ ബാഗുകള്‍

ഒരുവര്‍ഷം കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം സ്‌കൂള്‍ ബാഗുകള്‍

ഫിദ-
തൃശൂര്‍: ഒരുവര്‍ഷം കേരളത്തില്‍ വില്‍ക്കുന്നത് 45 ലക്ഷം സ്‌കൂള്‍ ബാഗുകള്‍. ഇത്രയേറെ എണ്ണം വര്‍ഷംതോറും മാലിന്യമായി ഉപേക്ഷിക്കപ്പെടുന്നുമുണ്ട്. പുതിയതായി വാങ്ങുന്നവയിലും ഉപേക്ഷിക്കപ്പെടുന്നവയിലും ഒരുശതമാനംപോലും തുണിബാഗുകളില്ല. തൃശ്ശൂര്‍ ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന സ്വാശ്രയ കൂട്ടായ്മയായ ബാഗിദാരി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
പ്ലാസ്റ്റിക് കാരിബാഗുകളെക്കാളേറെ സാമൂഹികപരിസ്ഥിതി വിപത്താണ് ഉപേക്ഷിക്കപ്പെടുന്ന സ്‌കൂള്‍ബാഗുകളുണ്ടാക്കുന്നത്.
ആക്രിക്കടക്കാര്‍പോലും തിരിച്ചെടുക്കാത്ത സ്‌കൂള്‍ബാഗുകള്‍ പ്ലാസ്റ്റിക് മാലിന്യമായി വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. മാലിന്യക്കൂമ്പാരങ്ങളില്‍ നിത്യക്കാഴ്ചയാണിവ.
സിബ്ബിലൊഴികെ പ്ലാസ്റ്റിക്കിന്റെ അംശംപോലുമില്ലാതെ തുണികൊണ്ട് സ്‌കൂള്‍ബാഗ് നിര്‍മിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ് ബാഗിദാരി. ഇവര്‍ ഇക്കൊല്ലം നിര്‍മിച്ച് വിപണിയിലെത്തിച്ചവയില്‍ വിറ്റത് 500 എണ്ണംമാത്രം. പ്ലാസ്റ്റിക് കാരിബാഗുകളോട് സര്‍ക്കാരും സംഘടനകളും പുലര്‍ത്തുന്ന അകല്‍ച്ച പ്ലാസ്റ്റിക് സ്‌കൂള്‍ബാഗിനോട് കാണിക്കാത്തതാണ് പ്രശ്‌നം. തുണിബാഗുകള്‍ക്ക് പ്ലാസ്റ്റിക് ബാഗിനെ കിടപിടിക്കുന്ന ചന്തവും സുരക്ഷയുമുണ്ടെന്ന് പലരും മനസ്സിലാക്കാത്തതാണ് വില്‍പ്പനയ്ക്ക് തടസ്സം. വിലയും കുറവാണ്. 500 മുതല്‍ 700 രൂപ വരെയാണിവയ്ക്ക് വില.
കാന്‍വാസിലും കട്ടിത്തുണിയിലും ജീന്‍സ് തുണിയിലും നിര്‍മിക്കുന്ന ബാഗുകള്‍ക്കുള്ളില്‍ വെള്ളംകയറാതെ കട്ടികുറഞ്ഞ റബ്ബര്‍ഷീറ്റ് പിടിപ്പിക്കാറുണ്ട്. തുണിബാഗുകള്‍ നനയും എന്ന മുന്‍വിധിമാറ്റാന്‍ സാധിക്കാത്തതും പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നു. പ്രമുഖ കമ്പനികള്‍ പുറത്തിറക്കുന്ന തുണി സ്‌കൂള്‍ബാഗുകള്‍ക്കുള്ളില്‍ വെള്ളംകയറാതെ പ്ലാസ്റ്റിക് പിടിപ്പിച്ചിട്ടുണ്ട്. ഇത് പ്ലാസ്റ്റിക് ബാഗിന് തുല്യമാണ്.
തുണിബാഗുകള്‍ പ്രകൃതിസൗഹൃദമാണെന്ന് മാത്രമല്ല, പുനരുപയോഗം സാധ്യമാകുന്നതുമാണ്. പഴകി ഉപയോഗിക്കാനാകാത്ത തുണിബാഗുകള്‍ വീടുകളില്‍ ചവിട്ടിയായി ഉപയോഗിക്കാം. ബാഗിന്റെ കഷണങ്ങള്‍ കീറിയെടുത്ത് അടുക്കളകളില്‍ ഉപയോഗിക്കാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close