എസ്ബിഐ പാസ്ബുക്ക് പതിച്ചു നല്‍കല്‍; മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

എസ്ബിഐ പാസ്ബുക്ക് പതിച്ചു നല്‍കല്‍; മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

ഫിദ-
കൊച്ചി: മുതിര്‍ന്ന പൗരന്‍മാര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യിലെ പാസ്ബുക്ക് ബാങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ട് പതിച്ചു നല്‍കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജരില്‍ നിന്നും വിശദീകരണം തേടി.
പാസ് ബുക്ക് സ്വയം പതിക്കാനുള്ള സംവിധാനം ബാങ്ക് ശാഖകളില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വയം പാസ്ബുക്ക് പതിക്കാന്‍ സാധിക്കാറില്ല. കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിന്റെ കുറവാണ് കാരണം. എ.ടി.എം പ്രചാരത്തിലായതോടെ പാസ് ബുക്ക് പതിക്കേണ്ട സന്ദര്‍ഭങ്ങള്‍ പലവട്ടം വന്നുചേരാറുണ്ട്.
വ്യക്തമായി മനസിലാക്കാതെ സ്വയം പാസ്ബുക്ക് പതിച്ചാല്‍ ഓവര്‍ പ്രിന്റിംഗ് സംഭവിക്കാന്‍ സാധ്യതയുണ്ട്. പാസ്ബുക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരെ സമീപിക്കുമ്പോള്‍ ചിലരെങ്കിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയില്‍ പറയുന്നു. എല്ലാ എസ്.ബി.ഐ ശാഖകളിലും പാസ്ബുക്ക് പതിച്ച് നല്‍കാന്‍ ഒരുദ്യോഗസ്ഥനെ നിയോഗിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Post Your Comments Here ( Click here for malayalam )
Press Esc to close