എസ്.ബി.ഐക്ക് 4,876 കോടിയുടെ നഷ്ടം

എസ്.ബി.ഐക്ക് 4,876 കോടിയുടെ നഷ്ടം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ എസ്.ബി.ഐക്ക് 4,876 കോടിയുടെ നഷ്ടം. ഇതോടെ തുടര്‍ച്ചയായി മൂന്ന് പാദങ്ങളിലും എസ്.ബി.ഐ നഷ്ടം രേഖപ്പെടുത്തി. കിട്ടാകടം തന്നെയാണ് ഇക്കുറിയും ബാങ്കിന് തിരിച്ചടിയായത്. വരുമാനം വര്‍ധിച്ചുവെങ്കിലും കിട്ടാകടം കൂടിയതോടെ എസ്.ബി.ഐ പ്രതിസന്ധിയിലാവുകയായിരുന്നു.
സാമ്പത്തിക എജന്‍സികള്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ് എസ്.ബി.ഐക്ക് ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടം. തോംസണ്‍ റോയിട്ടേഴ്‌സ് പോലുള്ള എജന്‍സികള്‍ എസ്.ബി.ഐക്ക് 171 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ എസ്.ബി.ഐ ലാഭമുണ്ടാക്കിയിരുന്നു.
അതേ സമയം, എസ്.ബി.ഐയുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2018 ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം 58,813 കോടിയാണ് എസ്.ബി.ഐയുടെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 55,941കോടിയായിരുന്നു. എന്നാല്‍, കിട്ടാകടം ബാങ്കിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 19,499 കോടിയാണ് എസ്.ബി.ഐയുടെ കിട്ടാകടം. കഴിഞ്ഞ വര്‍ഷം ഇത് 9,051 കോടിയായിരുന്നു. എസ്.ബി.ഐയുടെ ആകെ വായ്പയുടെ 10.69 ശതമാനവും കിട്ടാകടമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close