ജീവനക്കാരെ സ്മാര്‍ട്ടാക്കാന്‍ എസ്ബിഐ

ജീവനക്കാരെ സ്മാര്‍ട്ടാക്കാന്‍ എസ്ബിഐ

ഗായത്രി
കൊച്ചി: എസ് ബിഐ ജിവനക്കാരെ സ്മാര്‍ട്ടാക്കുന്നു. ജീവനക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്യുന്നതിന്റെ കൂട്ടത്തിലാണ് പുതിയ നിര്‍ദേശങ്ങളുമായി ബാങ്ക് രംഗത്തിറങ്ങിയത്. ഉടുക്കേണ്ടതെന്ത്, നടക്കേണ്ടതെങ്ങനെ എന്നെല്ലാം നിഷ്‌കര്‍ഷിക്കുന്ന കുറിപ്പ് ബാങ്ക് പുറപ്പെടുവിച്ചു.
യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുമെന്ന് കുറിപ്പ് ഓര്‍മിപ്പിക്കുന്നു. അതുപോലെ യോഗത്തില്‍ നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതും ശരിയല്ല. താടി വടിക്കണം, മുടി ചീകിയൊതുക്കി വെക്കണം. വ്യക്തിശുചിത്വം പാലിക്കണം. ഓഫിസില്‍ വായ്‌നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതെ വേണം ഇരിക്കാന്‍. ഷൂ ധരിച്ചാല്‍ മതി, സ്ലിപ്പര്‍ വേണ്ട. അത് വൃത്തിയാക്കി വെക്കണം. ബെല്‍റ്റും ഷൂവും ഒരേ നിറമാവുന്നതാണ് നല്ലത്. അതുപോലെ പാന്റ്‌സിന്റെ നിറത്തിന് യോജിച്ച സോക്‌സ് വേണം ധരിക്കാന്‍. ഷര്‍ട്ട് ചെക്ക് ആണെങ്കില്‍ ടൈ ഒറ്റ നിറത്തിലുള്ളതും മറിച്ചും വേണം. ഷര്‍ട്ടിന്റെ സ്ലീവ് സ്യൂട്ടിന്റെ സ്ലീവിനെക്കാള്‍ അര ഇഞ്ച് അധികമായിരിക്കണം.
ടി ഷര്‍ട്ട്, ജീന്‍സ്, സ്‌പോര്‍ട്‌സ് ഷൂ പോലുള്ളവ വേണ്ടെന്ന് ബാങ്ക് ആവശ്യപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസിലെ മുതിര്‍ന്ന പുരുഷ ജീവനക്കാര്‍ ‘സ്മാര്‍ട്ട് ഫോര്‍മല്‍’ധരിക്കണം. ഉപഭോക്താക്കളുമായി ഇടപെടുന്ന നേരത്ത് ടൈ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മുതിര്‍ന്ന വനിത ജീവനക്കാരും ഫോര്‍മല്‍ വസ്ത്രം ധരിക്കണമെങ്കിലും അത് ഇന്ത്യന്‍ തന്നെ ആവണമെന്നില്ല, വിദേശിയുമാവാം.’എല്ലാ ജീവനക്കാരും സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായതിനാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close