
റിയാദ്: സൗദിയിലെ ആഭ്യന്തര വിനോദ സഞ്ചാര മേഖല വന്‍ കുതിപ്പില്‍. ദേശീയ ടൂറിസം വികസന നയം 2005ല്‍ രൂപവത്കരിച്ച ശേഷം ഈ വ്യവസായ രംഗത്തേക്ക് വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കപ്പെടുകയാണ്. പൊതു, സ്വകാര്യ മേഖലകള്‍ വലിയ മുതല്‍മുടക്കുകളാണ് നടത്തിയിരിക്കുന്നത്. സൗദി കമീഷന്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെരിറ്റേജിന്റെ കീഴില്‍ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാവുകയും ശക്തമായ വ്യവസായിക ചട്ടക്കൂടുണ്ടാവുകയും നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വരികയും ചെയ്തതോടെ സമീപകാലത്തായി വന്‍ വികസന കുതിപ്പാണ് രേഖപ്പെടുത്തുന്നത്.
വേഗത്തില്‍ വളരുന്ന എണ്ണയിതര ധനാഗമ മാര്‍ഗങ്ങളിലൊന്നായി മാറിയ ദേശീയ ടൂറിസം രംഗം രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ശ്രദ്ധേയ പങ്ക് വഹിച്ച് തുടങ്ങിയതായും വിപണി സ്പന്ദനങ്ങള്‍ സൂചിപ്പിക്കുന്നു. 2016ല്‍ ടൂറിസം മേഖലയിലെത്തിയ മൊത്തം നിക്ഷേപം 151 ശതകോടി റിയാലിന് മുകളിലാണ്. വിനോദ സഞ്ചാരത്തിലൂടെ ലഭിക്കുന്ന പ്രതിവര്‍ഷ വരുമാനം 2014ലെ 57.3 ശതകോടി റിയാലില്‍ നിന്ന് 2016ല്‍ 166.8 ശതകോടി റിയാലായി കുതിച്ചുയര്‍ന്നു. ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്കാണ് ഇത്. ഹോട്ടലുകളും അപ്പാര്‍ട്ട്മന്റെുകളും റിസോര്‍ട്ടുകളുമുള്‍പ്പെടെ വിനോദ സഞ്ചാരികള്‍ക്കുള്ള താമസസൗകര്യങ്ങളുടെ എണ്ണം 2009ല്‍ 1,402 മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് 6,527 ആയി മാറി. 300 ശതമാനമാണ് ഈ രംഗത്തെ വര്‍ധന. ആഗോള പ്രശസ്ത ഹോട്ടലുകളുടെ എണ്ണം രാജ്യത്ത് 2002ല്‍ വെറും എട്ടെണ്ണമായിരുന്നിടത്ത് ഇന്ന് 25 ആയി വര്‍ധിച്ചു. 2002ല്‍ 10 അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാരാണുണ്ടായിരുന്നത്. ഇപ്പോള്‍ അത് 566 ആയി. ആഭ്യന്തരതലത്തില്‍ വിവിധ ഭാഗങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ 47.5 ദശലക്ഷം യാത്രകള്‍ കഴിഞ്ഞവര്‍ഷം നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.