സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം

സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം

അളക ഖാനം-
ഫുജൈറ: യു.എ.ഇ.യുടെ കിഴക്കന്‍തീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറിശ്രമം. ഫുജൈറ തുറമുഖത്ത് നാല് കപ്പലുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു.
ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എന്നാല്‍, ആളപായമോ ഇന്ധനചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമിക്കപ്പെട്ടവയില്‍ ഒരു ടാങ്കര്‍ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്. വാണിജ്യകപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടായതായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇ.യുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യു.എ.ഇ.സൗദി സര്‍ക്കാരുകള്‍ തയ്യാറായില്ല. എന്നാല്‍, അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യു.എസ്. ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close