സൗദി വത്കരണം; നാട്ടിലേക്ക് മലയാളികളുടെ പലായനം

സൗദി വത്കരണം; നാട്ടിലേക്ക് മലയാളികളുടെ പലായനം

അളക ഖാനം-
റിയാദ്: വ്യാപാരമേഖലയിലെ സമഗ്ര സ്വദേശിവത്കരണം തുടങ്ങിയതിന്റെ രണ്ടാം ദിവസവും സൗദി അറേബ്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കടകള്‍ തുറന്നില്ല. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനശാലകളിലാണ് ഈ മാസം 11 മുതല്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പായത്. ഈ മേഖലയില്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കാണ് വലിയ തിരിച്ചടി. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ മേഖലയിലുള്ളത്. ഭൂരിഭാഗത്തിനും കട അടച്ചുപൂട്ടുകയല്ലാതെ നിവൃത്തിയില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിയമം പ്രാബല്യത്തിലായതോടെ തൊഴില്‍ മന്ത്രാലയവും സുരക്ഷാവകുപ്പുകളും ചേര്‍ന്ന് പരിശോധന കര്‍ശനമാക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 മുതല്‍ 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ പകല്‍സമയങ്ങളില്‍ ഭൂരിഭാഗം മേഖലകളിലും കടകള്‍ അടഞ്ഞുകിടക്കുകയാണ്. സ്വദേശികള്‍ക്ക് അഞ്ചുലക്ഷം തൊഴിലവസരം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ 12 വ്യാപാര വാണിജ്യമേഖലകളില്‍ സൗദിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചതോടെതന്നെ സ്വദേശികള്‍ക്ക് വസ്ത്ര വ്യാപാരമേഖലയിലുള്‍പ്പെടെ പരിശീലനവും സാമ്പത്തിക സഹായവും പിന്തുണയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സൗദി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്മന്റെ് ഫണ്ടാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.
സൗദി വിഷന്‍ 2030ന്റെ ഭാഗമായ പദ്ധതിയായതിനാല്‍ സ്വദേശിവത്കരണം വെറും പ്രഖ്യാപനത്തിലൊതുങ്ങില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇത് മുന്‍കൂട്ടിക്കണ്ട് മലയാളികള്‍ ഉള്‍പ്പെടെ വിദേശികളോട് നാടണയാന്‍ സ്‌പോണ്‍സര്‍മാര്‍തന്നെ ആവശ്യപ്പെട്ടുതുടങ്ങി. വസ്ത്രമേഖലയിലാണ് പ്രധാനമായും മലയാളികളുടെ ആധിപത്യം. പ്രത്യേകിച്ച് യൂനിഫോം മേഖലയില്‍ ആയിരക്കണക്കിന് മലയാളികളാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.
സ്‌കൂളുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് കോടിക്കണക്കിന് റിയാലിന്റെ യൂനിഫോം വ്യാപാരം നടക്കുന്ന മേഖലയാണിത്. ഇത്തരം കേന്ദ്രങ്ങളിലെല്ലാം കര്‍ശന പരിശോധന തുടങ്ങിയതിനാല്‍ പലരും അടച്ചുപൂട്ടി. റെഡിമെയ്ഡ്, പാദരക്ഷ വിപണികളിലും മലയാളികളുടെ ആധിപത്യമുണ്ടായിരുന്നു. നിയമം കര്‍ശനമാക്കിയതോടെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്‍പ്പെടെ നിരവധി മലയാളികളാണ് നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close