തരംഗമായ് ‘സര്‍ബത്ത്’

തരംഗമായ് ‘സര്‍ബത്ത്’

പി.ആര്‍.സുമേരന്‍-
കൊച്ചി: സംവിധായകന്‍ സൂരജ് ടോം ഒരുക്കിയ ‘സര്‍ബത്ത്’ എന്ന ഷോര്‍ട്ട് ഫിലിം മലയാളം, ഹിന്ദി, തമിഴ് പതിപ്പുകള്‍ റിലീസ് ചെയ്തു. അടുത്ത് തന്നെ സര്‍ബത്തിന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങും. ഇതാദ്യമായാണ് ഒരു ഷോര്‍ട്ട് ഫിലിം എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഒരേ പോലെ റിലീസ് ചെയ്യുന്നത്. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തിയും, അവതരണത്തിലെ പുതുമയുമാണ് സര്‍ബത്തിനെ വേറിട്ട് നിര്‍ത്തുന്നത്. കോവിഡ് കാലത്ത് ബിഗ് ഹിറ്റായി മാറിയ ക്വാറന്റീന്‍ സന്ദേശം ഉയര്‍ത്തുന്ന ഈ ഷോര്‍ട്ട് മൂവിയില്‍ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളില്‍ ഏറ്റവും അധികം സിനിമകളുടെയും നിര്‍മ്മാണ നിയന്ത്രണം ബാദുഷയാണ്. ഇതാദ്യമായാണ് ബാദുഷ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നത് എന്ന പ്രത്യേകതയും സര്‍ബത്തിനുണ്ട്. അഞ്ച് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള സര്‍ബത്ത് വലിയ തിരിച്ചറിവാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ക്വാറന്റിനില്‍ കഴിയുന്നതിന്റെ പ്രാധാന്യമാണ് സര്‍ബത്ത് ചര്‍ച്ച ചെയ്യുന്നത്. പ്രവാസികളുടെ ക്വാറന്റീന്‍ ജീവിതമാണ്, സര്‍ബത്തിന്റെ ഇതിവൃത്തം. എല്ലായിടത്തും വന്‍ സ്വീകാര്യതയാണ് സര്‍ബത്തിന് ലഭിച്ചത്. എല്ലാ ഭാഷകളിലും അതാത് സ്ഥലങ്ങളിലെ സൂപ്പര്‍ സ്റ്റാറുകളാണ് തങ്ങളുടെ ഫേയ്‌സ് ബുക്ക് ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ സര്‍ബത്ത് റിലീസ് ചെയ്തത്. ഈ വലിയ താര പങ്കാളിത്തം വളരെപ്പെട്ടെന്ന് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുവാന്‍ കാരണമായി. ശ്രദ്ധേയമായ നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സൂരജ് ടോമും, വിവേക് മോഹനുമാണ് സര്‍ബത്തിന്റെ അണിയറക്കാര്‍. വര്‍ഷങ്ങളായി പരസ്യചിത്ര സംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സൂരജ് ടോം മുന്‍പ് പാവ, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ റിയല്‍സ്‌റ്റോറിയായ ബെറ്റര്‍ ഹാഫ് എന്ന വെബ് മൂവിയുടെ ചിത്രീകരണത്തിലാണ്. പരസ്യ രംഗത്ത് കണ്ടന്റ് ഡെവലപ്പറായ വിവേക് മോഹനാണ് സര്‍ബത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ- സാഗര്‍ അയ്യപ്പന്‍, എഡിറ്റര്‍- രാജേഷ് കോടോത്ത്, പശ്ചാത്തലസംഗീതം- ആനന്ദ് മധുസൂധനന്‍, സൗണ്ട് ഡിസൈനിംഗ്- മനോജ് മാത്യു, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, അസ്സോസിയേറ്റ് ഡയറക്ടര്‍- രതീശ് എസ്സ്‌, പി.ആര്‍.ഒ- പി.ആര്‍.സുമേരന്‍, സൂരജ്‌ടോം പ്രൊഡക്ഷന്‍സും, ടീം മീഡിയയും സംയുക്തമായാണ് വിവിധ ഭാഷകളില്‍ ഒരുക്കിയിരിക്കുന്ന സര്‍ബത്ത് നിര്‍മ്മിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close