സംരംഭകത്വശ്രീ പുരസ്‌കാരം ശിവപ്രസാദ് ഷേണായി ഏറ്റുവാങ്ങി

സംരംഭകത്വശ്രീ പുരസ്‌കാരം ശിവപ്രസാദ് ഷേണായി ഏറ്റുവാങ്ങി

കാഞ്ഞങ്ങാട്: മഹാകവി എസ്. രമേശന്‍ നായര്‍ ട്രസ്റ്റും മിംടെക് കാഞ്ഞങ്ങാടും സംയുക്തമായി ഏര്‍പ്പെടുത്തിയ സംരംഭകത്വശ്രീ പുരസ്‌കാരം പ്രമുഖ നാട്ടുവൈദ്യനും സണ്‍സണ്‍ ഹെര്‍ബല്‍ പ്രൊഡക്ടറ്റ്സ് സ്ഥാപകനുമായ ശിവപ്രസാദ് എസ് ഷേണായി ഏറ്റുവാങ്ങി. പയ്യന്നൂര്‍ എമിറേറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. ആനന്ദ ബോസാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

15000 രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ആയുര്‍വേദ ചികിത്സയെ ജനകീയ രക്ഷാചികിത്സയാക്കി മാറ്റിയതും സണ്‍സണ്‍ ഹെര്‍ബല്‍ പ്രൊഡക്ടറ്റ്സ് എന്ന സംരംഭത്തിലൂടെ അറിയപ്പെടുന്ന സംരംഭകനായി മാറിയതും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ചടങ്ങില്‍ മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാരങ്ങള്‍ ശില്‍പി കാനായി കുഞ്ഞിരാമനും സാഹിത്യകാരന്‍ സി. രാധാകൃഷ്ണനും ഏറ്റുവാങ്ങി. 25,000 രൂപ വീതവും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സോഷ്യല്‍ മീഡിയ സിംഗര്‍ ഗായകശ്രീ പുരസ്‌കാരം അനീഷ് മട്ടന്നൂര്‍ ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനത്തിനുള്ള ക്ഷേത്ര കര്‍മ പുരസ്‌കാരം മല്ലം ദുര്‍ഗ പരമേശ്വരി ക്ഷേത്രം, ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം, വള്ളുവന്‍ കടവ് മുത്തപ്പന്‍ മടപ്പുര എന്നീ ആരാധനാലയങ്ങക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ ഏറ്റുവാങ്ങി. ഗാനരചയിതാവ് ശ്രീശൈലം രാധാകൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹികളായ സുകുമാരന്‍ പെരിയച്ചൂര്‍, എസ്.പി. ഷാജി, കെ.എന്‍. ശ്രീകണ്ഠന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, മോഹനന്‍ വാഴക്കോട് സംബന്ധിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close