സന്നിധാനത്ത് ഡിജിറ്റല്‍ കൗണ്ടറുകള്‍ തുടങ്ങി

സന്നിധാനത്ത് ഡിജിറ്റല്‍ കൗണ്ടറുകള്‍ തുടങ്ങി

സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് കാണിക്കയിടാനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ഡിജിറ്റല്‍ കൗണ്ടര്‍ തുടങ്ങി. സൗത്ത് ഇന്ത്യന്‍ ബാങ്കാണ്, ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പ്രത്യേക ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ തുടങ്ങിയിരിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇവിടെ കാണിക്കയിടാനാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിനായി അഞ്ച് സൈ്വപ്പിങ് യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പുതിയ സംവിധാനത്തിന്റെ വരവോടെ സന്നിധാനത്തെ കാണിക്ക വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പിആര്‍ രാമന്‍ ഡിജിറ്റല്‍ കാണിക്ക കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇതുകൂടാതെ നെയ്യഭിഷേക സമയം കഴിഞ്ഞാലും ഭക്തര്‍ക്ക്, അയ്യപ്പന് നെയ്യഭിഷേകം നടത്താനുള്ള അവസരവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. സാധാരണ രാവിലെ 3.15 മുതല്‍ ഉച്ചക്ക് 12 വരെയാണ് നെയ്യഭിഷേകം. അതിന്‌ശേഷം എത്തുന്ന അയ്യപ്പന്മാര്‍ക്ക് പിറ്റേദിവസം പുലര്‍ച്ചേ വരെ അഭിഷേകത്തിനായി കാത്തുനില്‍ക്കണം. ഇതിന് സമയമില്ലാത്തവരുടെ നെയ് സംഭരിക്കുന്നതിന് വടക്കേനടയില്‍ പ്രത്യേക കൗണ്ടറും തുറന്നിട്ടുണ്ട്. ഇവിടെ പുതിയ ക്യൂ സംവിധാനവും ഏര്‍പ്പെടുത്തി. നെയ്‌ത്തേങ്ങാ പൊട്ടിച്ച് അതിലെ നെയ്യ് പാത്രത്തില്‍ സംഭരിച്ച് മുദ്രയുടെ എണ്ണം കണക്കാക്കി ടിക്കറ്റ് എടുത്ത് കൗണ്ടറില്‍ ഏല്‍പ്പിക്കണം. 60 ശതമാനം നെയ്യും അഭിഷേകത്തിന് എടുക്കും. ബാക്കി തിരികെ നല്‍കും. ഇങ്ങനെ സംഭരിക്കുന്ന നെയ്യ് പിറ്റേദിവസം അയ്യപ്പന് അഭിഷേകം ചെയ്യും. ഇത്തരത്തില്‍ നെയ്യഭിഷേകം നടത്തുന്നതിനു മുദ്രയൊന്നിന് 10 രൂപയാണ് ടിക്കറ്റ് നിരക്ക്.

Post Your Comments Here ( Click here for malayalam )
Press Esc to close