ബുക്കര്‍ പട്ടികയില്‍ ഇടം നേടി വീണ്ടും റുഷ്ദി

ബുക്കര്‍ പട്ടികയില്‍ ഇടം നേടി വീണ്ടും റുഷ്ദി

അളക ഖാനം-
ബുക്കര്‍ പ്രൈസ് ലിറ്റില്‍ വീണ്ടും ഇടം നേടി ലോക പ്രശസ്ത എഴുത്തുകാരന്‍ റുഷ്ദി. ബുക്കറിന്റെ 13 പുസ്തകങ്ങളുടെ ദീര്‍ഘ പട്ടികയില്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ പേരുകളിലൊന്ന് സല്‍മാന്‍ റുഷ്ദിയുടെതാണ്. മിഡ്‌നൈറ്റ് ചില്‍ഡ്രനും ‘സാറ്റാനിക് വേഴ്‌സസും വായനക്കാര്‍ക്ക് സമ്മാനിക്കുകയും ഒരു വട്ടം ബുക്കര്‍ സമ്മാനിതനാകുകയും ചെയ്ത റുഷ്ദി വീണ്ടും പട്ടികയിലേക്ക് കടന്നുവരുന്നത് ഏറ്റവും പുതിയ നോവലുമായാണ്. ‘ഡോണ്‍ ക്വിക്‌സോട്ട്’ എന്ന സ്പാനിഷ് ക്ലാസിക് നോവലിനെ അടിസ്ഥാനമാക്കി രചിച്ച ‘കിഷോട്ട്’ എന്ന പുസ്തകമാണ് ഇത്തവണ സല്‍മാന്‍ റുഷ്ദിയെ പട്ടികയില്‍ എത്തിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ തുടങ്ങുന്ന ‘മിഡ്‌നൈറ്റ് ചില്‍ഡ്രന്‍’ എന്ന തന്റെ രണ്ടാമത്തെ നോവലാണ് സല്‍മാന്‍ റുഷ്ദിയെ ലോകം അറിയുന്ന എഴുത്തുകാരനാക്കിയത്. 1981ലെ ബുക്കര്‍ പുരസ്‌കാരം ലഭിച്ച പുസ്തകം ബുക്കര്‍ നേടിയ പുസ്തകങ്ങളിലെ ഏറ്റവും മികച്ച നോവലായും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പുസ്തകത്തെക്കുറിച്ച് അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു: ‘മിഡ്‌നൈറ്റ് ചില്‍ഡ്രന്‍’ എന്ന രണ്ടാമത്തെ നോവലിലൂടെ ഞാന്‍ ഒരു എഴുത്തുകാരനായി അറിയപ്പെട്ടു, അംഗീകരിക്കപ്പെട്ടു.
അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളിവിട്ടതും മറ്റൊരു പുസ്തകമായിരുന്നു. ‘സാറ്റാനിക് വേഴ്‌സസ്’. 1988ല്‍ പുസ്തകം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞു. റുഷ്ദിയുടെ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ‘സാറ്റാനിക് വേഴ്‌സസ്’ പുറത്തുവരുന്നതും പുസ്തകത്തില്‍ ഇസ്ലാമിനെ നിന്ദിക്കുന്നവെന്നാരോപിച്ച് ഇറാന്റെ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി അദ്ദേഹത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചതും. നാല്‍പ്പത്തിരണ്ടാം ജന്‍മദിനം കാണുമെന്ന് ഉറപ്പില്ലായിരുന്നു അക്കാലമെന്ന് ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ റുഷ്ദി പറഞ്ഞിരുന്നു.
ജീവനു നേരെ ഉയര്‍ന്ന ഭീഷണികളെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സുരക്ഷയില്‍ രഹസ്യ ജീവിതവും നയിക്കേണ്ടി വന്നു അദ്ദേഹത്തിന്. 2012 ല്‍ പുറത്തു വന്ന ‘ജോസഫ് ആന്റണ്‍ എ മെമൊയര്‍’ എന്ന അദ്ദേഹത്തിന്റെ പുസ്തകം എഴുത്തുകാരന്‍ നയിച്ച ഒളിവു ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. ഒളിവാസകാലത്ത് പോലീസിന്റെ നിര്‍ദേശപ്രകാരം റുഷ്ദി സ്വീകരിച്ചപേരായിരുന്നു ജോസഫ് ആന്റണ്‍ എന്നത്.
സ്പാനിഷ് ക്ലാസിക് കൃതി ഡോണ്‍ ക്വിക്‌സോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് സല്‍മാന്‍ റുഷ്ദി പുതിയ നോവലിന് രൂപം നല്‍കിയിരിക്കുത്. ലോകത്ത് ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്നായ ഡോണ്‍ ക്വിക്‌സോട്ടില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എഴുതിയ പുസ്തകം പുറത്തിറങ്ങും മുന്നേ ബുക്കറിന്റെ ദീര്‍ഘ പട്ടികയില്‍ ഇടം പിടിച്ചു.
സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധനായ സാഹിത്യകാരന്മാരിലൊരാളായിരുന്ന മിഗേല്‍ ഡി സെര്‍വാന്റസ് പതിനാറാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണ് ഡോണ്‍ ക്വിക്‌സോട്ട്. സ്പാനിഷ് ക്ലാസിക്കുകളില്‍ ആദ്യത്തേതായി കരുതപ്പെടുന്ന പുസ്തകം ഏറ്റവും ഉദാത്തമായ സാങ്കല്‍പ്പിക കഥകളില്‍ ഒന്നായും കരുതപ്പെടുന്നു. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
വൃദ്ധനായ ഒരു യാത്രക്കാരന്‍ ഒരു ടെലിവിഷന്‍ താരവുമായി പ്രണയത്തിലാകുന്നതും അവള്‍ക്ക് ചേര്‍ന്നവനാണെന്ന് തെളിയിക്കാന്‍ അമേരിക്ക മുഴുവന്‍ യാത്ര ചെയ്യുന്നതുമാണ് സല്‍മാന്‍ റുഷ്ദിയുടെ ക്വിക്‌സോട്ട് പറയുന്നത്. അച്ഛന്‍ മകന്‍ ബന്ധം, സഹോദരര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, വംശീയമായ യാഥാസ്ഥിതികത്വം, സൈബര്‍ ചാരന്മാര്‍ തുടങ്ങിയവയിലൂടെ ഛിന്നഭിന്നമായ ഒരു കാലഘട്ടത്തെയും താറുമാറായ പ്രവര്‍ത്തികളെയും വരച്ചുകാട്ടുകയാണ് എഴുത്തുകാരന്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close