ശ്രീകാന്ത് മട്ടാഞ്ചേരിയുടെ ‘രുദ്രവിലാസം’ എന്ന ലഘുനോവല്‍ വായനാലോകത്ത് ശ്രദ്ധേയമാവുന്നു. പത്ത് അധ്യയങ്ങളിലാണ് ഈ നോവലിന്റെ രചന പൂര്‍ത്തിയാക്കിയിട്ടുള്ളത്. ‘വാത്മീകി പറയാത്ത കഥകള്‍’ എന്ന കഥാസമാഹാരത്തിന് ശേഷമാണ് ‘രുദ്രവിലാസ’ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്.
‘മുകുന്ദപുരം’ എന്ന കൊച്ചു ഗ്രാമവും അവിടെ ജീവിക്കുന്ന കുറച്ചു മനുഷ്യരുടെയും കഥയാണിത്. കൊച്ചിയിലെ കുടിയേറ്റക്കാരായ കൊങ്കിണി സമുദായത്തിന്റെ വിശ്വാസ ആചാര സാംസ്‌കാരിക ജീവിതത്തെ പശ്ചാത്തലമാക്കി ഭൂതകാല ഓര്‍മ്മകളുടെ നിറവില്‍ അവരുടെ പച്ചയായ ജീവിതം ലളിതമായി നോവലില്‍ അവതരിപ്പിക്കുന്നു.
ലഘു നോവലാണെങ്കിലും കാലത്തെ അതിജീവിക്കാനുള്ള ഊര്‍ജ്ജവും സൗന്ദര്യവും ഈ കൃതിക്കുണ്ടെന്നത് നോവലിന്റെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.
രുദ്രവിലാസത്തിലെ ഓരോ കഥാപാത്രങ്ങളും ചിരിച്ചും കരഞ്ഞും ഒച്ചവെച്ചും കടന്നുപോകുമ്പോള്‍ അറിയാതെ തന്നെ വായനക്കാരും മുകുന്ദപുരത്തേക്ക് എത്തിപ്പെടുന്നു.
ഒരെഴുത്തുകാരന്റെ ഒരു രചന വായിച്ചാല്‍ അടുത്തത് ഇനി എന്തായിരിക്കും എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന വിധത്തില്‍ ആണ് ശ്രീകാന്ത് മട്ടാഞ്ചേരിയുടെ രചനകള്‍. വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മാസ്മരിക രചനക്ക് കഴിഞ്ഞിരിക്കുന്നു.
വായനക്കാരെ തൊട്ടും, തലോടിയും പോകുന്ന ഓരോ കഥാപാത്രങ്ങള്‍, ഇടക്ക് അവര്‍ ഉപയോഗിക്കുന്ന കൊങ്കിണി ഭാഷ, ഇതൊക്കെ വാനക്കാരെ കോള്‍മയിര്‍ കൊള്ളിക്കുക തന്നെ ചെയ്യും.
കേരളസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സിക്രട്ടറി എം.വി ബെന്നിയാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്.
കൊച്ചിയിലെ കുരുക്ഷേത്ര പ്രകാശനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില.110 രൂപ.
പുസ്തകം ആവശ്യമുള്ളവര്‍ 9895353232 എന്ന നമ്പറില്‍ ബന്ധപ്പെടുക.