റൂബെല്ലാ വാക്‌സിനെ ഭയക്കേണ്ടതില്ല

റൂബെല്ലാ വാക്‌സിനെ ഭയക്കേണ്ടതില്ല

വിഷ്ണു പ്രതാപ്
റുബെല്ല വാക്‌സിന്‍ നല്‍കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രചാരണങ്ങള്‍ നടക്കുകയാണ്. വൈറസ്മൂലമുള്ള പല രോഗങ്ങളും പ്രതിരോധ കുത്തിവെപ്പുവഴി മാത്രമേ തുടച്ചുനീക്കാനാവൂ എന്നത് വസൂരിയും പോളിയോയും പോലുള്ള ഉദാഹരണങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. വൈറസ് പരത്തുന്ന ഈ രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്ത സാഹചര്യമാണിന്നുള്ളത്.
പ്രതിരോധമാണ് ഫലപ്രദമായ മാര്‍ഗമെന്ന തിരിച്ചറിവിലാണ് മാരകമായ മീസില്‍സ്‌റുബെല്ല രോഗങ്ങളുടെ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പ്രതിരോധ തീവ്രയജ്ഞ പരിപാടികള്‍ക്ക് തുടക്കമിടുന്നത്.
രാജ്യത്ത് പ്രതിവര്‍ഷം 49,200 കുട്ടികള്‍ മീസില്‍സ് രോഗംമൂലം മരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. ഗര്‍ഭിണികളില്‍ ബാധിക്കുന്ന റുബെല്ല വഴി മരിക്കുകയും ജനനത്തിലേ വൈകല്യം സംഭവിക്കുന്നതുമായ കുട്ടികളുടെ കണക്കുകളും ആയിരക്കണക്കിനാണ്.
2020നുള്ളില്‍ മീസില്‍സ്, റുബെല്ല അസുഖങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് എം.ആര്‍. വാക്‌സിന്‍ പദ്ധതി. കേരളത്തില്‍ നിലവിലുള്ള കുത്തിവെപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
മീസില്‍സ്, മംസ് (മുണ്ടിനീര്), റുബെല്ല രോഗങ്ങള്‍ക്കുള്ള എം.എം.ആര്‍. ആണ് കേരളത്തില്‍ നല്‍കിവരുന്നത്. മംസ് പേടിക്കേണ്ട രോഗമല്ലാത്തതിനാല്‍ അതിനെ ഒഴിവാക്കിയാണ് സൗജന്യ കുത്തിവെപ്പ് പദ്ധതി രൂപവത്കരിച്ചിട്ടുള്ളത്.
കേരളത്തില്‍ 76 ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാനാണ് പ്രചാരണത്തിലൂടെ തീരുമാനിച്ചിട്ടുള്ളത്. ഒരു മാസമാണ് കാമ്പയിന്‍ നടത്തുക. കര്‍ണാടക, തമിഴ്‌നാട്, ഗോവ, ലക്ഷദ്വീപ്, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close