എംഎം കമ്മത്ത്-
തിരു: പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ നേരിട്ടവര്‍ക്ക് കൈതാങ്ങായി സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രത്യേക പലിശ രഹിത പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചു.
റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍.കെ.എല്‍.എസ്) എന്ന പേരിലാണ് പലിശ രഹിത പദ്ധതി. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ആണ് ഇത്തരമൊരു പദ്ധതി എന്നാണ് സൂചന.
ഓരോ ദുരന്തവും സാധാരണക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പ്രകൃതി ദുരന്തങ്ങളിലൂടെ സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും ദുരിതവും കുറക്കുകയാണ് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2018 ലെ മഹാപ്രളയത്തിന് ശേഷമാണ് കേരള സര്‍ക്കാര്‍ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കിയത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകള്‍ പലിശ രഹിത വായ്പ നല്‍കുന്നതാണ് ഈ പദ്ധതി.
വായ്പാ തുക തിരിച്ചടക്കണം. 2018 ലെ പ്രളയ സമയത്ത് എല്ലാ ബാങ്കുകളും 9 ശതമാനം പലിശക്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വായ്പ നല്‍കാന്‍ തയാറായി. ഈ 9 ശതമാനം പലിശ പൂര്‍ണമായും സര്‍ക്കാര്‍ വഹിച്ചു കൊണ്ടാണ് വായ്പാ പദ്ധതി നടപ്പാക്കിയത്. ഇങ്ങനെ 2,02,789 പേര്‍ക്ക് 1794. 02 കോടി രൂപയാണ് റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരം പലിശ രഹിത വായ്പയായി വിതരണം ചെയ്തത്. ഈ സ്‌കീമിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പലിശ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.
കോവിഡ് രൂക്ഷമായ ലോക്ഡൗണ്‍ സമയത്ത് 23,98,130 കുടുംബശ്രീ അംഗങ്ങള്‍ക്ക് 1906.71 കോടി രൂപയുടെ പലിശരഹിത വായ്പയാണ് നല്‍കിയിട്ടുണ്ട്.
കുടുംബ ശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് കൂട്ടായ്മയില്‍ അംഗമായും ലോണ്‍ എടുക്കാന്‍ സാധിക്കും എന്നതും നിരവധി പേര്‍ക്ക് സഹായകരമായി.