ഗായത്രി
കൊച്ചി: കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് അരിവിലയില്‍ ഗണ്യമായ വര്‍ധന. സംസ്ഥാനത്ത് കൂടുതല്‍ ഉപയോഗിക്കുന്ന ജയ, കുറുവ, ബോധന തുടങ്ങിയ അരിയുടെ വിലയില്‍ കിലോവിന് ശരാശരി മൂന്ന് മുതല്‍ അഞ്ച് രൂപയുടെ വര്‍ധനവാണുണ്ടായത്. സംസ്ഥാനത്തെ പ്രധാന അരിവിപണിയായ പാലക്കാട് ഇന്നലെ മാത്രം ശരാശരി രണ്ട് രൂപ കൂടി. ഇതര സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ വില ഇനിയും കൂടുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.
പാലക്കാട് മൊത്തവിപണിയില്‍ കഴിഞ്ഞ ആഴ്ചയില്‍ 34 രൂപയായിരുന്ന ജയ ഒന്നാം തരം മൂന്ന് രൂപ വര്‍ധിച്ച് 37 രൂപയായി. ചില്ലറ വ്യാപാര മേഖലയില്‍ 4142 രൂപയാണ് ഒന്നാം തരം ജയയുടെ വില. രണ്ടാം തരം ജയയുടെ വിലയിലും മൂന്ന് രൂപയുടെ വര്‍ധനവുണ്ടായി. ബോധന അരിയുടെ വിലയിലും നാല് രൂപയുടെ വര്‍ധനവുണ്ടായി. ചൊവ്വാഴ്ച മാത്രം രണ്ട് രൂപ കൂടി 40 രൂപക്കാണ് ചില്ലറ വില്‍പന. കുറുവയുടെ വിലയും ശരാശരി മൂന്ന് രൂപ വര്‍ധിച്ച് 40 കടന്നു. മൊത്തവിപണിയില്‍ രണ്ട് രൂപയാണ് കുറുവക്ക് ചൊവ്വാഴ്ച മാത്രം വര്‍ധിച്ചത്. ബ്രാന്‍ഡഡ് അരി വിലയിലും ആനുപാതികമായ വര്‍ധനവുണ്ടായി. എന്നാല്‍ പൊന്നി, മട്ട തുടങ്ങിയവയുടെ വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
സംസ്ഥാനത്തേക്ക് പ്രധാനമായും ഒഡിഷയില്‍നിന്നാണ് സമീപകാലത്ത് അരി വരുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഒഡിഷയിലെ കൊയ്ത്ത് അവസാനിക്കാറായതാണ് വില ഉയരാന്‍ കാരണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആന്ധ്ര, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് അരി വരവ് കുറഞ്ഞു. ഫെബ്രുവരിയോടെ തമിഴ്‌നാട്ടില്‍ കൊയ്ത്ത് തുടങ്ങും. ഈ സമയം വരെ അരിവില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന അരിയുടെ വിലയിലും കുറവുണ്ടാകാറില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അരിയുടെ വിലക്കനുസരിച്ചാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന അരിവില നിശ്ചിയിക്കുക.