റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ നിയന്ത്രിക്കാന്‍ റെറ

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ നിയന്ത്രിക്കാന്‍ റെറ

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ നിയന്ത്രിക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി (റെറ) രൂപികരിച്ചതോടെ റിയല്‍ എസ്‌റ്റേറ്റ് രംഗം കടുത്ത് പ്രതിസന്ധിയില്‍. സാമ്പത്തിക രംഗത്തെ അനിശ്ചതാവസ്ഥക്ക് പുറമെ കര്‍ശന നിയമവ്യവസ്ഥകളും വന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ സ്തംഭനാവസ്ഥയിലാക്കിയെന്ന് ഈ രംഗത്തുളളവര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പ് നല്‍കുന്ന റെറ നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതോടെ ബില്‍ഡര്‍മാര്‍ക്ക് വായ്പകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ബാങ്കുകളും നിബന്ധന കര്‍ശനമാക്കി. എസ്.ബി.ഐ, യെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ വായ്പകള്‍ക്ക് കൂടുതല്‍ വസ്തുവകകള്‍ ഈടായി ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, 2016ലെ റെറ നിയമം അനുസരിച്ച് ഒരു ബില്‍ഡര്‍ ഉപഭോക്താക്കളില്‍നിന്നും സമാഹരിച്ച തുകയില്‍ 70 ശതമാനം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുകയും വേണം. ഇത് പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ടെന്ന് ഈരംഗത്തുള്ളവര്‍ പറയുന്നു.
ഇതിനു പുറമെയാണ് ചരക്ക് സേവന നികുതി സൃഷ്ടിക്കുന്ന ആഘാതം. നേരത്തെ വന്ന വിജ്ഞാപനമനുസരിച്ച് ബില്‍ഡര്‍ക്ക് 12 ശതമാനവും കരാറുകാര്‍ക്ക് 18 ശതമാനവുമായിരുന്നു ജി.എസ്.ടി നിരക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന വിജ്ഞാപനം അനുസരിച്ച് ഭൂമിയും നിര്‍മ്മാണച്ചിലവും ചേര്‍ന്നുളള ഒറ്റ കരാറിനാണ് 12 ശതമാനം നികുതി. സ്ഥലത്തിന് ഒരു കരാറും ഫല്‍റ്റ് നിര്‍മാണത്തിന് മറ്റൊരു കരാറും ബില്‍ഡര്‍ ഉപഭോക്താവുമായി ഉണ്ടാക്കുകയാണെങ്കില്‍ കരാര്‍ തുകയുടെ മേല്‍ 18 ശതമാനമാണ് ജി.എസ്.ടി. മൊത്തം തുകയുടെ മൂന്നിലൊന്ന് തുകക്കു മാത്രമെ സ്ഥലവിലയുടെ ഇനത്തില്‍ ഇളവ് ലഭിക്കൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു. സ്ഥലവിലയുടെ മറവില്‍ ജി.എസ്.ടിയില്‍നിന്ന് കൂടുതല്‍ ഇളവുനേടുന്നത് തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ഈ വ്യവസ്ഥ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. കൂടാതെ, നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തിലും മണല്‍ ഉള്‍പ്പെടെ പായ്ക്ക് ചെയ്യാത്ത ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ജി.എസ്.ടി എന്താകുമെന്ന ചോദ്യത്തിന് ഇനിയും വ്യക്തതയില്ല.
കേന്ദ്ര നിയമത്തിന്റെ തുടര്‍ച്ചയായി ജൂലൈ 31നകം എല്ലാ സംസ്ഥാനങ്ങളും ‘റെറ’നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട്. കേരളം ഇത് ഉടന്‍ ചെയ്യണമെന്നാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ സംരംഭകരുടെ ആവശ്യം. കേരളത്തിലെ സാഹചര്യവും പ്രശ്‌നങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് നിയമനിര്‍മ്മാണം നടത്തിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന് ഈ രേഗത്തുള്ളവരുടെ പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close