അളക ഖാനം-
ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയ മുന്‍ ഭാര്യ രേഹം ഖാന്‍ തന്റെ ആത്മകഥയില്‍ ബോളിവുഡിലെ കിംഗ് ഖാനെ കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാവുന്നു.
445 പേജുകളുള്ള ആത്മകഥയില്‍ എഴുത്തുകാരിയുടെ പ്രശംസ പിടിച്ചുപറ്റിയ ഏക മനുഷ്യന്‍ ഷാരൂഖ് ഖാന്‍ മാത്രമേ ഉള്ളൂ എന്നതാണ് വസ്തുത. തന്റെ പത്രപ്രവര്‍ത്തന കാലഘട്ടത്തില്‍ ഷാരൂഖിനെ കണ്ടുമുട്ടിയ ഓര്‍മകള്‍ പങ്കുവെക്കുന്ന രേഹം, ഷാരൂഖ് മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്ന് പറയുന്നു. ‘തൊഴിലില്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയും അഹങ്കാരം ലവലേശമില്ലാത്ത ഇടപെടലുമാണ് അദ്ദേഹത്തോട് മതിപ്പുണ്ടാകാനുള്ള കാരണം. വിദ്യാഭ്യാസവും, ഒരു ഇടത്തരം കുടുംബത്തില്‍ സാഹോദര്യവും മര്യാദയും ശീലിച്ച് വളര്‍ന്നു വന്ന സാഹചര്യങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ട്’ രേഹം വ്യക്തമാക്കി.
‘രേഹം ഖാന്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ആമസോണ്‍ വഴിയാണ് വില്‍പ്പന നടക്കുന്നത്. ഇമ്രാന് പരസ്ത്രീ ബന്ധമുണ്ടെന്നും, സ്വവര്‍ഗാനുരാഗിയാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിവാദപുസ്തകത്തിന്റെ വരവ് ഇമ്രാനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് സൂചന.