റഫ്രിജറേറ്ററുകളുടെ ഇറക്കുമതി നിയന്ത്രിച്ചേക്കും

റഫ്രിജറേറ്ററുകളുടെ ഇറക്കുമതി നിയന്ത്രിച്ചേക്കും

ഫിദ-
ഡല്‍ഹി: റഫ്രിജറേറ്ററുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. പ്രാദേശിക ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടി. ഒരു മാസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.

ഇറക്കുമതി എന്നതില്‍ ഉപരി ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാവരെയും പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ ആശയത്തിന് കരുത്ത് പകരുന്നതാണ് നീക്കം.

5 ബില്യണ്‍ ഡോളറിലധികമാണ് ഇന്ത്യയിലെ റഫ്രിജറേറ്റര്‍ വിപണി.സാംസങ്, എല്‍ജി തുടങ്ങിയ വിദേശ ബ്രാന്‍ഡുകളുമായി ടാറ്റയുടെ നേതൃത്വത്തിലുളള വോള്‍ട്ടാസ് ഉള്‍പ്പെടെയുളള തദ്ദേശ കമ്പനികള്‍ കടുത്ത മത്സരമാണ് നടത്തുന്നത്. 24 ദശലക്ഷം യൂണിറ്റാണ് ഇന്ത്യയുടെ വാര്‍ഷിക നിര്‍മാണ ശേഷി. 15 ദശലക്ഷം മാത്രമാണ് ആവശ്യമായി വരുന്നത്. നിലവില്‍ അതിന്റെ ഒരു ഭാഗം ഇറക്കുമതിയിലൂടെയാണ് സാധ്യമാക്കുന്നത്.

പ്രതിവര്‍ഷം ആയിരക്കണക്കിന് റഫ്രിജറേറ്ററുകള്‍ സാംസങ്, എല്‍ജി തുടങ്ങിയ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇറക്കുമതി കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. കൊറോണക്കാലത്ത് റഫ്രിജറേറ്ററുകളുടെ വില്‍പ്പന ഉയര്‍ന്നതോതില്‍ ആയിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്തവയാണ്. ഇന്ത്യയുടെ മൊത്തം വില്‍പ്പനയുടെ 5 ശതമാനത്തോളമാണ് ഇത്.

ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ റഫ്രിജറേറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close