പയ്യന്നൂര്‍: കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച റീസൈക്കിള്‍ പദ്ധതി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
സ്റ്റുഡന്റ് പോലീസിന്റെ സമ്മര്‍ ക്യാമ്പില്‍ രാജു മാഷ് മുന്നോട്ടുവെച്ച ആശയം കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.
പ്രിന്‍സിപ്പാള്‍ പി വി വിനോദ്കുമാര്‍, പി ടി എ പ്രസിഡണ്ട് കെ കമലാക്ഷന്‍, മിനി നമ്പ്യാര്‍, എം വി നവീന്‍കുമാര്‍, ഷാജി ഫോക്കസ്, ഇ വി സജി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുകയും ഒരു മാസത്തെ തീവ്രമായ പ്രവര്‍ത്തനത്തിലൂടെ സ്റ്റുഡന്റ് പോലീസ് വിദ്യാര്‍ത്ഥികള്‍ നിര്‍ധനരായ നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉപയോഗശൂന്യമായ സൈക്കിളുകള്‍ ശേഖരിച്ച് അവ റിപ്പയര്‍ ചെയ്ത് പെയിന്റടിച്ച് പുത്തന്‍ സൈക്കിളുകള്‍ ആക്കി വിതരണം ചെയ്ത പദ്ധതിയാണ് റീസൈക്കിള്‍. ഇതിനകം ഈ പദ്ധതി ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
സന്നദ്ധ സംഘടനകളും നാട്ടുകാരും സൈക്കിള്‍ മെക്കാനിക് ഒ കെ പ്രേമരാജ്, വ്യാപാരി റഹിം തുടങ്ങി ഒട്ടേറെ പേര്‍ ഈ സംരംഭം വിജയിപ്പിക്കുന്നതിന് മുന്നോട്ട് വന്നു.
പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഈ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടാകും എന്ന് കുട്ടികള്‍ക്ക് വാഗ്ദാനം നല്‍കി.
പയ്യന്നൂരിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ സി വി രാജു സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് ചാര്‍ജ് വഹിക്കുന്ന പ്ലസ് ടു കെമിസ്ട്രി അധ്യാപകന്‍ കൂടിയാണ്.
ഈ ലോക സൈക്കിള്‍ ദിന വേളയില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനമാണ് പയ്യന്നൂരിലെ കുട്ടി പോലീസുകാര്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.